അനങ്ങൻമലയിലെ ക്വാറിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അന്വേഷിക്കും: കേന്ദ്ര പരിസ്ഥിതി മന്ത്രി
Tuesday, August 6, 2024 2:54 AM IST
പാലക്കാട്: അനങ്ങൻമലയിലെ ക്വാറിയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം അന്വേഷിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. വി.കെ. ശ്രീകണ്ഠൻ എംപി നൽകിയ നിവേദനത്തേത്തുടർന്നാണ് നടപടി.
കഴിഞ്ഞദിവസം ക്വാറി സന്ദർശിക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപിയും പ്രദേശവാസികളും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഒറ്റപ്പാലം വരോട് അനങ്ങൻ മലയിൽ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാനാണ് എംപി എത്തിയത്.
അനങ്ങൻ മലയുടെ സസ്യസമ്പത്ത് സംരക്ഷിച്ചു നിലനിർത്തണം. ഇതിനായി പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച് നടപ്പാക്കണം എന്നതായിരുന്നു പ്രദേശവാസികളുടെ ആവശ്യം.
എന്നാൽ ബില്ലിലെ സാങ്കേതിക തടസങ്ങൾ എംപി നാട്ടുകാരോട് വിശദീകരിച്ചു. ഇതോടെ പ്രദേശവാസികളും എംപിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു.