ചെപ്പോക്കിൽ അടിച്ചുകസറി ശ്രേയസും പ്രഭ്സിമ്രാനും; പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം
Wednesday, April 30, 2025 11:39 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. നാല് വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്.
ചെന്നൈ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ശ്രേയസ് അയ്യരുടേയും പ്രഭ്സിമ്രാൻ സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായത്.
72 റൺസെടുത്ത ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 41 പന്തിൽ അഞ്ച് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. പ്രഭ്സിമ്രാൻ 54 റൺസാണ് എടുത്തത്. 36 പന്തിൽ നിന്നാണ് താരം 54 റൺസെടുത്തത്. ശശാങ്ക് സിംഗും പ്രിയാൻഷ് ആര്യയും 23 റൺസ് വീതമെടുത്തു.
ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരണയും ഖലീൽ അഹ്മദും രണ്ട് വിക്കറ്റ് വീതം എടുത്തു. രവീന്ദ്ര ജഡേജയും നൂർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസാണ് ചെന്നൈ പടുത്തുയർത്തിയത്.
വെടിക്കെറ്റ് ബാറ്റിംഗുമായി കളംനിറഞ്ഞ സാം കരണാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിച്ചത്. 88 റൺസാണ് സാം കരൺ എടുത്തത്. 47 പന്തിൽ ഒമ്പത് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സാം കരണിന്റെ ഇന്നിംഗ്സ്.
ഡിവാൾഡ് ബ്രെവിസ് 32 റൺസെടുത്തു. മറ്റാർക്കും ചെന്നൈ നിരയിൽ തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ നാല് വിക്കറ്റെടുത്തു. അർഷ്ദീപ് സിംഗും മാർകോ യാൻസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അസമത്തുള്ള ഒമർസായിയും ഹർപ്രീത് ബ്രാറും ഓരോ വിക്കറ്റ് വീതം എടുത്തു.
വിജയത്തോടെ 13 പോയിന്റായ പഞ്ചാബ് കിംഗ്സ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.