പാമ്പ് കഴുത്തിൽ ചുറ്റി; നിയന്ത്രണംവിട്ട് ഓട്ടോ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
Friday, May 2, 2025 12:52 AM IST
മലയിൻകീഴ്: മാലിന്യവുമായി പോയ പിക്കപ്പ് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ വാഹനം പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.
മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശിയായ 32 കാരനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. തിരുവനന്തപുരം മലയിൻകീഴില്‍ ഹരിത കർമ സേന പ്രവർത്തകർ ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്ന പിക്കപ്പ് ഓട്ടോയാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറുടെ കൈയ്ക്കും ഇടുപ്പിലും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശേഖരിച്ചുവച്ചിരുന്ന മാലിന്യ ചാക്കിൽനിന്ന് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതാകാമെന്നാണ് സംശയം.