രാഷ്ട്രീയം കളിക്കേണ്ട സമയമല്ല; സർക്കാർ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളണമെന്ന് കോൺഗ്രസ്
Friday, May 2, 2025 8:30 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണമെന്ന് കോൺഗ്രസ്. ഭീകരാക്രമണത്തിനു പിന്നിലുള്ളവർ അതിന്റെ പ്രത്യാഘാതം നേരിടണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയിൽ പ്രമേയം.
ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. അന്താരാഷ്ട്ര സഹകരണത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഭീകരരെ കയറ്റിവിടുന്ന പാക്കിസ്ഥാനെ ശിക്ഷിക്കണം. ജമ്മു കാഷ്മീരിലെ രഹസ്യാന്വേഷണ വീഴ്ചയടക്കം പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു. കുടുംബങ്ങളുടെ വേദന രാജ്യത്തിന്റെയും വേദനയാണ്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനും ഭീകരവാദത്തെ നിയന്ത്രിക്കാനുമുള്ള പ്രവർത്തനങ്ങൾ നമ്മൾ ഒരുമിച്ചെടുക്കേണ്ട സമയമാണിത് എന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരേ കൂടുതൽ തെളിവുകൾ എൻഐഎക്ക് ലഭിച്ചു. ഭീകരരെ നിയന്ത്രിച്ചത് ഐഎസ്ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരാണെന്ന് എൻഐഎ കണ്ടെത്തി.
ആക്രമണത്തിന്റെ പ്ലോട്ട് തയാറാക്കിയത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയും ലഷ്കർ-ഇ തൊയ്ബയും പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുമാണെന്നാണ് കണ്ടത്തൽ. ഈ മൂന്ന് സംഘടനകളും സഹകരിച്ചുകൊണ്ടാണ് ഭീകരാക്രമണം നടത്തിയത്.