തിരിച്ചടിയില്‍ നടുങ്ങി പാക്കിസ്ഥാൻ; രണ്ട് പാക് പൈലറ്റുമാർ പിടിയിൽ
Thursday, May 8, 2025 11:33 PM IST
ന്യൂഡൽഹി: ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയിൽ. രാജസ്ഥാനിൽ നിന്നും ജമ്മുവിൽ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ സേന വീഴ്ത്തിയിരുന്നു.
സർഫസ് ടു എയർ മിസൈൽ (സാം) പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടത്. വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാക്കിസ്ഥാന്റെ അവാക്സ് വിമാനവും ഇന്ത്യ വെടിവെച്ചിട്ടു. പഞ്ചാബില്‍ വെച്ചാണ് അവാക്സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്.
അതിർത്തിയിൽ കനത്ത ജാഗ്രത തുടരുന്നതിനിടെ വെടിവയ്പ്പ് രൂക്ഷമാകുകയാണ്. ജമ്മുവിനെ കൂടാതെ രാജസ്ഥാനിലും പഞ്ചാബിലും പാക്കിസ്ഥാന്റെ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായി ജമ്മുവിലും പഞ്ചാബ്, രാജസ്ഥാൻ അതിർത്തി മേഖലകളിലും വെളിച്ചം അണച്ചു.