ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ
Friday, May 9, 2025 6:50 AM IST
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിൽ യുഎൻ ആശങ്ക പ്രകടിപ്പിച്ചു.
യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎൻ വക്താവ് ഫര്ഹാൻ അസിസ് ഹഖ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ലോകത്തിന് ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ വ്യക്തമാക്കിയ കാര്യം തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.
സംഘര്‍ഷം വ്യാപിക്കാതെ ഇരു രാജ്യങ്ങളും നടപടികള്‍ സ്വീകരിക്കണമെന്നും യുഎൻ വ്യക്തമാക്കി. അതേസമയം ജമ്മുവിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം.
ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു. പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.