നിപ; മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി
Friday, May 9, 2025 10:53 AM IST
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി. തിങ്കളാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടിയാണ് മാറ്റിവച്ചത്.
വ്യാഴാഴ്ചയാണ് വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തി.
ഇതോടെ പൂനെയിലെ ലാബിലേക്ക് സ്രവ സാമ്പിള്‍ അയച്ചു. ഈ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മലപ്പുറത്ത് ചേർന്ന ഉന്നത യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യവകുപ്പ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
നിപയുടെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുടെ റൂട്ട് മാപ്പുകൾ പുറത്തിറക്കും.