ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ; സിവിലിയൻ വിമാനങ്ങൾ പാക്കിസ്ഥാൻ മറയാക്കി
Friday, May 9, 2025 5:59 PM IST
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ഭാഗത്ത് യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ ആക്രമിക്കാനായി പാക്കിസ്ഥാൻ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചു. ഭട്ടിന്‍ഡയില്‍ നിന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. പാക് സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി.

ഇന്ത്യയിലെ 36 ഇടങ്ങളിൽ 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണ ശ്രമം നടത്തിയത്. ഇന്ത്യൻ സൈന്യം കൈനറ്റിക്, നോൺ കൈനറ്റിക് മാധ്യമങ്ങളിലൂടെ ഈ ഡ്രോണുകളിൽ ഭൂരിഭാഗവും തകർത്തു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജൻസ് വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയത്.
ആക്രമണ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ സിവിലയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഡാലോചനയാണ് പാക്കിസ്ഥാൻ നടത്തിയത്. പാക്കിസ്ഥാന്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.
ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. ജമ്മു കാഷ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു.
സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. കന്യാസ്ത്രീ മഠത്തിന് നേരെയും ഷെല്ലാക്രമണം നടന്നുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിംഗ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.