സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി; സൈനിക മേധാവിമാരുമായി തിരക്കിട്ട കൂടിക്കാഴ്ച
Saturday, May 10, 2025 2:30 PM IST
ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ മന്ത്രിയും സംയുക്ത സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന നിർണായക ചർച്ചയിൽ കര-നാവിക-വ്യോമ സേനാ മേധാവികള്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന് എന്നിവരാണ് പങ്കെടുത്തത്. അതിർത്തിയിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തു.
നേരത്തെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ അതിർത്തി പ്രദേശങ്ങളേയും ഇന്ത്യൻ സൈനിക മേഖലയേയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണം, ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയ വിവരങ്ങൾ ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
അതേസമയം, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.