ഐപിഎല്‍ കിരീടപ്പോരാട്ടം; പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം
Tuesday, June 3, 2025 9:46 PM IST
അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബിന് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു.
ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യഓവറുകളില്‍ റണ്‍സ് കണ്ടെത്താനാവാതെ വന്നതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. സൂപ്പര്‍താരം വിരാട് കോഹ്ലിയാണ് (43) ടോപ്സ്കോറര്‍. 35 പന്തുകൾ നേരിട്ട കോഹ്ലി മൂന്നു ഫോറുകൾ സഹിതമാണ് 43 റൺസെടുത്തത്.
ഫിൽ സോൾട്ട് (16), മായങ്ക് അഗർവാൾ (24), ക്യാപ്റ്റൻ രജത് പാട്ടിദാർ (26), ലിയാം ലിവിംഗ്സ്റ്റൻ (25), ജിതേഷ് ശർമ (24), റൊമാരിയോ ഷെപ്പേഡ് (17) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ക്രുനാൽ പാണ്ഡ്യ അഞ്ച് പന്തിൽ നാലു റൺസെടുത്തും ഭുവനേശ്വർ കുമാർ രണ്ടു പന്തിൽ ഒരു റണ്ണെടുത്തും പുറത്തായി.
യഷ് ദയാൽ ഒരു റണ്ണോടെ പുറത്താകാതെ നിന്നു. പഞ്ചാബിനായി കൈൽ ജയ്മിസനും അർഷ്ദീപ് സിംഗും മൂന്നും അസ്മത്തുല്ല ഒമർസായ്, വിജയകുമാർ വൈശാഖ്, യുസ്വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.