കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്ക് കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള്‍ കടലിൽ വീണു
Monday, June 9, 2025 1:15 PM IST
കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.
കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന, സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹെയ് ലൈൻസ് എന്ന ഫീഡർഷിപ്പിലാണ് തീപിടിത്തമുണ്ടായത്. ഇതിനു പിന്നാലെ കപ്പലിൽ പൊട്ടിത്തെറികളുമുണ്ടായി.
കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ 18 പേർ കടലിൽ ചാടിയെന്നും റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് കപ്പലുകളും ഡോർണിയർ വിമാനങ്ങളും നീങ്ങിയിട്ടുണ്ട്.