കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സംഘർഷം
Friday, July 4, 2025 1:30 PM IST
കോട്ടയം: മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുവീണു കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തിൽ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, അബിൻ വർക്കി തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ തുടർച്ചയായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ കൊടിയും കുപ്പിയും, വീപ്പയും കല്ലുമടക്കമുള്ളവ എറിഞ്ഞതായും പോലീസ് പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. സംഘർഷത്തിനിടെ ഒരു പ്രവർത്തകന് പരിക്കേറ്റു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്.
ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു.
കൊല്ലത്ത് ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ഓഫീസിലേക്ക് തള്ളിക്കയറിയ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിനെ കാബിനുള്ളിൽ ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൃശൂരിൽ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.
പത്തനംതിട്ടയിൽ വീണാ ജോർജിന്റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
എറണാകുളം ജനറൽ ആശുപത്രിയിൽ കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ കോലവുമായെത്തി പ്രതിഷേധിച്ചു.