ഇനി കണ്ണീരോര്‍മ: നോവായി ബിന്ദു മടങ്ങി, വിട നല്കി നാട്
Friday, July 4, 2025 3:13 PM IST
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്ന കെട്ടിടത്തിലെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണു മരിച്ച ബിന്ദുവിനു നാടിന്റെ യാത്രാമൊഴി. നാടിന്റെ നാനാഭാഗത്തു നിന്നായി വന്‍ജനാവലിയാണ് ബിന്ദുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്.
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ബിന്ദുവിന് ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയോടെ വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയില്‍ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് സംസ്കാരം നടത്തിയത്.
രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്.
തലയോലപ്പറമ്പില്‍ വസ്ത്രശാലയിലെ ജീവനക്കാരിയാണ് ബിന്ദു. ഭർത്താവ് വിശ്രുതന്‍ നിര്‍മാണ തൊഴിലാളിയാണ്. തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു.
നവമി ആന്ധ്രാ പ്രദേശില്‍ അപ്പോളോ ആശുപത്രിയില്‍ നാലാം വര്‍ഷം നഴ്സിംഗ് വിദ്യാര്‍ഥിനിയും മകന് നവനീത് എറണാകുളത്ത് സിവില്‍ എന്‍ജിനീയറുമാണ്.