ദുഃഖത്തിൽ പങ്കു ചേരുന്നു;സർക്കാരിന്റെ സഹായങ്ങളും പിന്തുണയുമുണ്ടാകും: ബിന്ദുവിന്റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
Friday, July 4, 2025 6:24 PM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ സഹായങ്ങളും പിന്തുണയും ബിന്ദുവിന്റെ കുടുംബത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോട്ടയം മെഡിക്കൽ കോളജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം, മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു.