സിംബാബ്വെ - ദക്ഷിണാഫ്രിക്ക ടെസ്റ്റ്; ലാറയുടെ റിക്കാർഡ് തകർക്കാനുള്ള അവസരം വേണ്ടന്നുവച്ച് മുൾഡർ
Monday, July 7, 2025 7:55 PM IST
ബുലവായോ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ബ്രയാന്‍ ലാറയുടെ (400* റൺസ്) റിക്കാർഡ് മറികടക്കാനുള്ള അവസരം വേണ്ടന്നുവച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റൻ വിയാന്‍ മുള്‍ഡര്‍.
സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്വന്തം സ്കോർ 367 -ൽ നിൽക്കെ അദ്ദേഹം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലാറയുടെ റിക്കാർഡ് മറികടക്കാന്‍ 34 റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലായിരുന്നു ഏവരേയും ഞെട്ടിച്ച ഡിക്ലറേഷന്‍.
ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണിപ്പോള്‍ മുള്‍ഡര്‍. ലാറ (400) ഒന്നാമത് തുടരുമ്പോള്‍ മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന് (380) രണ്ടാം സ്ഥാനത്ത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറയുടെ നേട്ടം.
ആദ്യദിനം ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ താരം 334 പന്തിൽ നിന്നാണ് 367 റൺസ് നേടിയത്. 49 ബൗണ്ടറികളും നാലു കൂറ്റൻ സിക്സറുകളും ഇതിൽ ഉൾപ്പെടും. ടീം സ്കോർ 626-5 എന്ന നിലയിൽ നിൽക്കെ ഡിക്ലയർ ചെയ്യാൻ മുള്‍ഡര്‍ തീരുമാനിക്കുകയായിരുന്നു.
297 പന്തില്‍ നിന്ന് 300 തികച്ച താരം ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 278 പന്തില്‍ നിന്ന് 300 തികച്ച ഇന്ത്യയുടെ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറിയുടെ റിക്കാർഡ്.