പുടിൻ പുറത്താക്കിയ മന്ത്രി ജീവനൊടുക്കി
Monday, July 7, 2025 11:14 PM IST
മോസ്കോ: റഷ്യയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പുറത്താക്കിയ ഗതാഗതമന്ത്രി റൊമാൻ സ്റ്റാറോവോയിറ്റ് മണിക്കൂറുകൾക്കകം ജീവനൊടുക്കിയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ മോസ്കോ നഗരത്തിലെ ഒരു കാറിൽ വെടിയേറ്റു മരിച്ച നിലയിൽ സ്റ്റാറോവോയിറ്റിന്റെ മൃതദേഹം കണ്ടെത്തി. അദ്ദേഹം സ്വയം വെടിവച്ചു മരിച്ചുവെന്നാണു റഷ്യൻ അധികൃതർ പറയുന്നത്.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന കുർസ്ക് പ്രവിശ്യയുടെ ഗവർണറായിരുന്ന സ്റ്റാറോവിയിറ്റിനെ ഒരു വർഷം മുന്‍പാണു പുടിൻ ഗതാഗത മന്ത്രിയായി നിയമിച്ചത്.
ഇന്നലെ സ്റ്റാറോവോയിറ്റിനെ പദവിയിൽനിന്നു നീക്കം ചെയ്തതിന് ഒരു കാരണവും പുടിൻ നല്‍കിയിട്ടില്ല.
അതേസമയം, യുക്രെയ്നുമായുള്ള യുദ്ധവും പാശ്ചാത്യ ഉപരോധങ്ങളും റഷ്യൻ ഗതാഗതമേഖലയെ ശ്വാസം മുട്ടിക്കുന്നുവെന്നാണു റിപ്പോർട്ട്. യാത്രാവിമാനങ്ങൾക്കാവശ്യമായ പാർട്സുകൾ പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ലഭിക്കുന്നില്ല. റഷ്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവുകൂടിയായ റെയിൽവേയും പ്രതിസന്ധിയിലാണ്.
നൊവ്ഗൊരോദ് പ്രവിശ്യാ ഗവർണർ ആന്ദ്രെയ് നികിതിനെ ഇടക്കാല ഗതാഗത മന്ത്രിയായി നിയമിച്ചിട്ടുണ്ട്.