ബേപ്പൂര്‍ കൊലപാതകം: രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
Wednesday, July 9, 2025 3:43 AM IST
കോഴിക്കോട്: കൊലപാതകം നടന്ന വിവരം ഇതര സംസ്ഥാന തൊഴിലാളി അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്ന രണ്ടു പോലിസുകാര്‍ക്ക് സസ്പന്ഷന്. ബേപ്പൂര്‍ സ്റ്റേഷനിലെ എഎസ്ഐ പി.ആനന്ദന്, സിപിഒ ജിതിന്‍ലാല്‍ എന്നിവരെയാണു സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് സസ്പന്‍ഡ് ചെയ്തത്.
മേയ് 24 നാണ് ബേപ്പൂരില്‍ വലനിര്മാണത്തില് ഏര്‍പ്പെട്ട ഇരവിപുരം സ്വദേശി സോളമനെ (58) ബേപ്പൂര്‍ ഹാര്‍ബറിനു സമീപത്തുള്ള ലോഡ്ജില്‍ കൊലപ്പെടുത്തിയത്. ലോഡ്ജിനു സമീപത്തുള്ള മരം കടപുഴകി വീണതിനെത്തുടര്‍ന്ന് 50 മീറ്റര്‍ അകലെ പോലീസ് ഉണ്ടായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളി ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തമുണ്ടെന്നും മുറിയില്‍നിന്നു ബഹളം കേട്ടെന്നും അറിയിച്ചിരുന്നു.
എന്നാല്‍ ഇയാളെ പോലീസുകാരന് ചീത്തവിളിച്ച് ഓടിച്ചു. തൊഴിലാളി ബേപ്പൂര്‍ സ്റ്റേഷനിലെത്തി പാറാവുകാരനായ പോലീസുകാരനോടും പറഞ്ഞവെങ്കിലും പാറാവുകാരനും ഗൗരവത്തിലെടുത്തില്ല. ഇതിനുപിന്നാലെ നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണു കൊലപാതകം പുറത്തറിയുന്നത്.
മദ്യലഹരിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ കൊല്ലം വാടിക്കല്‍ മുദാക്കര ജോസ് (35) ആണ് സോളമനെ കൊലപ്പെടുത്തിയത്. മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാവുകയും അതു കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.