എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് എത്തിയവർക്ക് 10 വർഷമായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
Wednesday, July 9, 2025 4:49 PM IST
ആലപ്പുഴ: പത്ത് വർഷമായി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർ എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവച്ച് തിരിച്ചെത്തുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മെഡിക്കൽ കോളജുകളുടെയും അവസ്ഥ ദയനീയമാണ്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവരാണിപ്പോൾ ആളുകളെ ശരിയാക്കികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം.
എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പാവപ്പെട്ട രോഗികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയാൽ അവർക്ക് മരുന്ന് കുറിച്ച് കൊടുക്കും. സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം പിന്നീട് മരുന്ന് വാങ്ങാൻ. എല്ലാ പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിത്സിക്കാൻ കഴിയില്ലല്ലോയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.