ആനന്ദ് മഹീന്ദ്രയെ പോലും വിസ്മയിപ്പിച്ച പ്രകടനം; വീഡിയോ കാണാം
Wednesday, August 10, 2022 1:54 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഇടപെടുന്ന പ്രമുഖരില്‍ ഒരാളാണല്ലൊ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്മാന് ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ മിക്കപ്പോഴും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെയൊരു സുഹൃത്ത് അയച്ചു തന്ന വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്.
വീഡിയോയില്‍ ഒരു കൊച്ചു പയ്യന്റെ അഭ്യാസപ്രകടനങ്ങളാണുള്ളത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ഒരു ചെറിയ പയ്യനാണ് ഈ അക്രോബാറ്റിക് പ്രകടനങ്ങള്‍ കാഴ്ചവച്ചിരിക്കുന്നത്.
റോഡിലൂടെ ഓടി വരുന്ന ഈ കുട്ടി പലകുറി തലകുത്തി മറിയുകയും ചാടുകയും ചെയ്യുകയാണ്. ഒടുവില്‍ വളരെ കൃത്യതയോടെ ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ്. കുട്ടിയുടെ പ്രകടനം കണ്ട് അതിശയിച്ച് നിരവധിപേര്‍ റോഡില്‍ നില്‍ക്കുന്നുണ്ട്. നേരിട്ട് കണ്ടവരെ മാത്രമല്ല സമൂഹ മാധ്യമങ്ങളിലൂടെ ഈ കാഴ്ച കണ്ടവരെപോലും വിസ്മയപ്പെടുത്തിയിരിക്കുകയാണ് ഈ കുട്ടി.
കോമണ്‍വെല്‍ത്ത് കായിക മത്സരങ്ങളില്‍ ഇന്ത്യ നിരവധി സ്വര്‍ണം നേടിയല്ലൊ. ഇനിയും മെഡലുകള്‍ എത്തിക്കേണ്ട അടുത്ത തലമുറയിലെ ഒരാള്‍ എന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ കുറിപ്പില്‍ ഈ കുട്ടിയെ കുറിച്ച് പറയുന്നത്. കുട്ടിക്ക് നല്ല പരിശീലനം നല്കി മുന്നിലേക്കെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.