പരീക്ഷയിൽ മാർക്ക് കുറഞ്ഞു; ക്ലാസ് മുറിയിൽ വച്ച് പരസ്യമായി മകന്റെ മുഖത്തടിച്ച് പിതാവ്
Tuesday, January 14, 2020 1:19 PM IST
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ക്ലാസ് മുറിയിൽ വച്ച് പരസ്യമായി മകന്റെ മുഖത്തടിച്ച് പിതാവ്. ആലപ്പുഴ അരൂരിലെ മേഴ്സ് സ്കൂളിലാണ് സംഭവം. പരീക്ഷയിൽ മകന് മാർക്ക് കുറഞ്ഞതിനെക്കുറിച്ച് അക്ഷോഭ്യനായാണ് അദ്ദേഹം അധ്യാപികയോട് ചോദിക്കുന്നത്.
നിങ്ങളൊക്കെ പഠിപ്പിക്കുവാനാണോ വരുന്നത്. പ്രിൻസിപ്പലിനെ വിളി എന്നൊക്കെയാണ് ഇയാൾ അധ്യാപികയോട് ആക്രോശിച്ചത്. അധ്യാപിക കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനിടയിൽ ഇയാൾ എഴുന്നേറ്റ് ചെന്ന് യാതൊരു ദയയുമില്ലാതെ മകന്റെ മുഖത്ത് ശക്തിയായി അടിക്കുകയും ചെയ്തു.
നാണക്കേടും സങ്കടവും കൊണ്ട് ഈ കുട്ടി മുഖം പൊത്തി നിന്നു പോയി. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ ഈ ദൃശ്യം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ വലിയ രീതിയിൽ പ്രതിഷേധമാണ് ഉയരുന്നത്.