അപായ ശബ്ദം കേട്ട് വീട്ടിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ കണ്ടത്
Tuesday, November 20, 2018 10:26 AM IST
കെട്ടിടങ്ങളിൽ അഗ്നിപടരുമ്പോഴുണ്ടാകുന്ന അലാറം ശബ്ദം കേട്ട് എത്തിയ അഗ്നിശമന സേനാംഗങ്ങൾക്ക് പറ്റിയ അമളിയാണ് സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമാകുന്നത്. ഇംഗ്ലണ്ടിലെ ദാവെൻട്രി എന്ന സ്ഥലത്താണ് ഏവരെയും ചിരിപ്പിച്ച സംഭവം അരങ്ങേറിയത്.
ഒരു വീട്ടിനുള്ളിൽ നിന്നും അലാറം ശബ്ദം കേട്ട സമീപവാസികളാണ് അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്. ഇവരെത്തി വീട്ടുടമസ്ഥനോട് കാര്യം ആരാഞ്ഞപ്പോൾ തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം കൈമലർത്തുകയായിരുന്നു. വീടിന് യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും അത് വിശ്വസിക്കുവാൻ സർവ സന്നാഹങ്ങളുമായി എത്തിയ അഗ്നിശമനസേനാംഗങ്ങൾക്ക് തയാറായില്ല.
പിന്നീട് അവർ വീട്ടിൽ പരിശോധന നടത്തികൊണ്ടിരുന്നതിനിടയിൽ വീടിന്റെ പിറകുവശത്ത് നിന്നും വീണ്ടും ഈ അലാറം ശബ്ദം കേട്ടു. ശബ്ദം കേട്ട് ഇവർ വന്ന് നോക്കിയപ്പോൾ കാണുന്നത് ഒരു തത്തയെ ആയിരുന്നു. ഈ തത്തയായിരുന്നു അലാറം സമാന ശബ്ദത്തിന്റെ യഥാർത്ഥ ഉടമ.
ആഫ്രിക്കൻ ഗ്രേ എന്ന ഇനത്തിൽപ്പെട്ട തത്തയാണ് ഈ ശബ്ദമുണ്ടാക്കിയത്. ധർമ സങ്കടത്തിലായ അഗ്നിശമന സേനാംഗങ്ങൾ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.