സെഡാൻ വിപണിയിൽ കൂടുതൽ കരുത്തുറ്റ സാന്നിധ്യമാകാൻ പുതുമകളുമായി 2026 മോഡൽ സ്കോഡ സ്ലാവിയ ഫെയ്സ്ലിഫ്റ്റ് എത്തി. പുതിയ പതിപ്പിൽ പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങൾ വരുത്തിയതിനൊപ്പം പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും പിൻസീറ്റ് യാത്രക്കാർക്കുള്ള മസാജ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപ മുതൽ 18.84 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ആറു വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്.
പ്രീമിയം ലുക്കിൽ പുറംമോടി
അടിസ്ഥാന രൂപകൽപന നിലനിർത്തിക്കൊണ്ടാണ് സ്ലാവിയയുടെ പുറംമോടിയിൽ സ്കോഡ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത ഓൾ എൽഇഡി ഹെഡ്ലാന്പുകളും അവയെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പും മുൻഭാഗത്തിന് കൂടുതൽ ആകർഷകമായ രൂപം നൽകുന്നു. പുതുക്കിയ ബന്പറുകൾ, എൽഇഡി ഫോഗ് ലാന്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പിന്നിൽ സീക്വൻഷ്യൽ ടേണ്‍ ഇൻഡിക്കേറ്ററുകളോടു കൂടിയ എൽഇഡി ടെയിൽ ലാന്പുകളാണുള്ളത്.
പിൻസീറ്റിൽ മസാജ് സൗകര്യം
അകത്തളത്തിലെ മാറ്റങ്ങളിൽ യാത്രാസുഖത്തിനും സാങ്കേതികവിദ്യയ്ക്കുമാണ് മുൻഗണന. 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉയർന്ന വേരിയന്റുകളിലുണ്ട്. ഗൂഗിൾ ക്ലൗഡിന്റെ എഐ അസിസ്റ്റന്റ് പിന്തുണയുള്ള ഇൻഫോടെയ്ൻമെന്റ് സംവിധാനവും ശ്രദ്ധേയമാണ്. പിൻസീറ്റ് യാത്രക്കാർക്ക് മസാജ് സൗകര്യം നൽകിയത് ഈ വിഭാഗത്തിലെ വേറിട്ട സവിശേഷതയാണ്. വെന്റിലേറ്റഡ് മുൻസീറ്റുകൾ, ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രി വ്യൂ ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയും വാഹനത്തിലുണ്ട്. ആറു എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡാണ്.
പുതിയ ഗിയർബോക്സ്
എൻജിൻ നിരയിൽ നിലവിലുള്ള 1.0 ലീറ്റർ, 1.5 ലീറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിനുകളാണ് തുടരുന്നത്. 1.0 ലീറ്റർ എൻജിൻ 115 പിഎസ് കരുത്തും 178 എൻഎം ടോർക്കും നൽകും. ഈ എൻജിനൊപ്പം നേരത്തെയുണ്ടായിരുന്ന ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിന് പകരം എട്ടു സ്പീഡ് ടോർക്ക് കണ്‍വെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ചതാണ് പ്രധാന മെക്കാനിക്കൽ മാറ്റം. ആറു സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനും തുടരും.
150 പിഎസ് കരുത്തും 250 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലീറ്റർ ടിഎസ്ഐ എൻജിനൊപ്പം ഏഴു സ്പീഡ് ഡിഎസ്ജി ഗിയർബോക്സാണുള്ളത്. ഈ എൻജിൻ പതിപ്പുകളിൽ പിൻ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. വാഹനത്തിന് 19.50 കിലോമീറ്റർ മൈലേജാണ് കന്പനി അവകാശപ്പെടുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, ഫോക്സ്വാഗണ് വിർട്ടസ് എന്നിവരാണ് സ്ലാവിയയുടെ പ്രധാന എതിരാളികൾ.
വില: 9.99 ലക്ഷം
മൈലേജ്: 19.50 കിലോമീറ്റർ