അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല എന്നതാണ് വാസ്തവം. അതിന്റെ ഏറ്റവും ലളിതമായ പ്രശ്നങ്ങളാണ് പുളിച്ച് തെകിട്ടിവരുന്നതും നെഞ്ച് എരിയുന്നതും എല്ലാം.
വയറ്റില്‍ അമിതമായി ആസിഡ് ഉത്പാദനം ഉണ്ടാകുന്ന അവസ്ഥയാണിത്. വായില്‍ പുളിപ്പ്, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ദഹനക്കേട് തുടങ്ങിയ മറ്റ് പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഭക്ഷണശീലം, അമിതമായ സമ്മര്‍ദം, മരുന്നുകളുടെ ഉപയോഗം, പുകവലി എന്നിങ്ങനെ പല കാരണങ്ങളാല്‍ അസിഡിറ്റി ഉണ്ടാകാറുണ്ട്.
പുകവലി, എണ്ണയും കൊഴുപ്പും സുഗന്ധവ്യഞ്ജനങ്ങളും അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പോലുള്ള ജീവിതശൈലി ഘടകങ്ങളും അസിഡിറ്റി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
എങ്ങനെ തടയാം
പുളിപ്പ് ഉള്ളതും അമിതമായി സുഗന്ധവ്യഞ്ജനങ്ങള്‍, എണ്ണ, കൊഴുപ്പ് തുടങ്ങിയവയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് അസിഡിറ്റി സ്വയം തടയാനുള്ള മാര്‍ഗങ്ങളില്‍ ഒന്ന്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഒരു പരിധിവരെ അസിഡിറ്റിയെ ചെറുക്കാം.
തുളസി, പുതിന, പെരുംജീരകം, തണുത്ത പാല് തുടങ്ങിയ ഉപയോഗിച്ചും അസിഡിറ്റിയെ ചെറുക്കാന്‍ കഴിയും. മിക്ക കേസുകളിലും, ആസിഡ് കുറയ്ക്കുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകള്‍ സഹായമാണ്.
എന്നിരുന്നാലും ആഴ്ചയില്‍ കുറഞ്ഞത് രണ്ടോ അതിലധികമോ ദിവസമെങ്കിലും അസിഡിറ്റി പ്രശ്നം നിങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുകയാണെങ്കില് ഡോക്ടറെ സമീപിക്കുകയാണ് നല്ലത്.
ലക്ഷണങ്ങള്‍
ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുമ്പോഴാണ് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍ പ്രധാനമാണ് നെഞ്ചെരിച്ചില്‍.
വയറിലെ അധിക ആസിഡ് അന്നനാളത്തിലേക്ക് ചോര്‍ന്ന് ഉണ്ടാകുന്ന അസിഡിറ്റിയുടെ ഒരു സാധാരണ ലക്ഷണമാണിത്. ഇത് മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കാം. പുളിച്ച് തെകിട്ടല് ഇതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.
ദഹിക്കാത്ത ദ്രാവകം, പിത്തരസം, വയറ്റിലെ ആസിഡ് എന്നിവ തൊണ്ടയിലേക്കും വായിലേക്കും എത്തുന്നതാണ് ഇത്. അസിഡിറ്റിയുടെ മറ്റൊരു സാധാരണ ലക്ഷണമാണ് വായില്‍ പുളിച്ച രുചി. വയറ്റിലെ അധിക ആസിഡ് മൂലം ഡിസ്ഫേജിയ എന്നിയപ്പെടുന്ന വിഴുങ്ങാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും.
ഇത് ദഹനത്തെ തടസപ്പെടുത്തും. വയറിലെ ആസിഡ് വായിലേക്ക് നീങ്ങുമ്പോള്‍ അത് വോക്കല്‍ കോര്ഡുകളെയോ വോയ്സ് ബോക്സിനെയോ പ്രകോപിപ്പിക്കുകയും തൊണ്ടവേദനയിലേക്ക് നയിക്കുകയും ചെയ്യാം.
കാരണങ്ങള്‍
ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന ഗ്യാസ്ട്രിക് ആസിഡുകള്‍ ആമാശയത്തില്‍ പലകാരണങ്ങളാല്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് അസിഡിറ്റിക്കു കാരണം. മുളക്, കുരുമുളക്, വിനാഗിരി എന്നിവ അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക വഴിയും അസിഡിറ്റി ചിലര്‍ക്ക് ഉണ്ടാകാറുണ്ട്.
വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍, ചായ, കാപ്പി, ചോക്ലേറ്റ് എന്നിവയുടെ രൂപത്തില്‍ അമിതമായ കഫീന്‍ ഉപഭോഗം, ഉയര്‍ന്ന അളവില്‍ ഉപ്പ് കഴിക്കുക, ഫൈബര്‍ കുറഞ്ഞ ഭക്ഷണക്രമം, അമിതമായി ഭക്ഷണം കഴിക്കുകയോ ക്രമരഹിതമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുകയോ ചെയ്യുക, ഭക്ഷണം കഴിച്ച് ഉടന്‍ കിടക്കുന്നത്, ഭക്ഷണത്തിനു തൊട്ടുപിന്നാലെ കഠിനമായ ശാരീരിക വ്യായാമം ചെയ്യുന്നത് എന്നിങ്ങനെ പല ഘടകങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നു.
ആമാശയ അര്‍ബുദം
അസിഡിറ്റി യഥാസമയത്ത് ചികിത്സിച്ച് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഗുരുതര ശരീരപ്രശ്നങ്ങളിലേക്ക് വഴിതെളിച്ചേക്കാം. ആമാശയ അര്‍ബുദത്തിന്റെ ലക്ഷണമായും അസിഡിറ്റി കണ്ടുവരാറുണ്ട്. അതുകൊണ്ട് അസിഡിറ്റി തുടര്‍ച്ചയായി വരുന്നവര്‍ ഡോക്ടറെ കണ്ട് പരിഹാരം തേടേണ്ടതാണ്.
പതിവായി പുകവലി, മദ്യം, സോഡ അല്ലെങ്കില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ അമിതമായ ഉപഭോഗം, ഉറക്കക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, അമിതമായ സമ്മര്‍ദം, ഉത്കണ്ഠ-വിഷാദം, പെപ്റ്റിക് അള്‍സര്‍ എന്നിവയും അസിഡിറ്റിയിലേക്ക് നയിക്കും.
മാത്രമല്ല, വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, കീമോതെറാപ്പി മരുന്നുകള്‍, ആന്റിഡിപ്രസന്റുകള്‍ തുടങ്ങിയ മരുന്നുകളുടെ ഉപയോഗവും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.