ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാം ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. കൃത്യമായ ജീവിതശൈലിയും വ്യായാമവും പരിശോധനകളുമാണ് ഇതിന്റെ ഏക പ്രതിവിധി.
ഹൃദ്രോഗം വരാനുള്ള സാധ്യതയുണ്ടോ എന്ന് ശരീരത്തിലെ ചില സൂചനകളില്‍ നിന്ന് നമുക്ക് മനസിലാക്കാവുന്നതാണ്. എന്നുവച്ച് സ്വയം ചികിത്സ അരുതെന്ന് ഓര്‍മിപ്പിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പുകവലി, ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഷുഗര്‍, മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ എന്നിവ ഹൃദ്രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഹൃദയസ്തംഭനം, ഹൃദയാഘാതം, കൊറോണറി ആര്‍ട്ടറി, അരിത്മിയാസ്, ഹൃദയ പേശികളുടെ രോഗം അല്ലെങ്കില്‍ വാല്‍വ് രോഗം എന്നിവയാണ് സാധാരണയായുള്ള ഹൃദ്രോഗങ്ങള്‍.
ഹൃദ്രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്...
ശ്വാസതടസം
ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ രോഗത്തിനുള്ള സാധ്യത കൂടുതലാണ്. എന്തെങ്കിലും ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴുമെല്ലാം ശ്വാസതടസം ഉണ്ടോ എന്ന് സ്വയം നിരീക്ഷിക്കാവുന്നതാണ്.
ഹൃദയത്തിന് രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ കഴിയാത്തപ്പോഴാണ് ശ്വാസതടസം അനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ കരുത്തു കുറവാണെന്നതിന്റെ സൂചനയായി ഇതിനെ കരുതാം.
നെഞ്ചുവേദന
നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണം. ഹൃദയത്തിന് വേണ്ടത്ര രക്തവും ഓക്സിജനും ലഭിക്കാത്തപ്പോള്‍ ഇത് സംഭവിക്കുന്നു. എത്രമാത്രം പ്രശ്നം നേരിടുന്നുണ്ടോ അത് അനുസരിച്ച് വേദനയുടെ തീവ്രതയും വര്‍ധിക്കും.
എന്നിരുന്നാലും നെഞ്ചുവേദന ദഹനക്കേട് പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളെയും സൂചിപ്പിക്കാം. അതുകൊണ്ട് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുകയാണ് ഏറ്റവും ഉത്തമം.
ഹൃദയമിടിപ്പ്
ഹൃദയമിടിപ്പിന്റെ അസാധാരണമായ ഏറ്റക്കുറച്ചില്‍ ഹൃദ്രോഗ ലക്ഷണമായി കരുതാം. ഉത്കണ്ഠ, ഗര്‍ഭം, കഫീന്‍ ഉപഭോഗം, മദ്യം, ചില മരുന്നുകള്‍ എന്നിവ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകും.
അതല്ലാതെ സാധാരണ അവസ്ഥയില്‍ നെഞ്ച്, കഴുത്ത്, തൊണ്ട എന്നിവിടങ്ങളില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി അനുഭവപ്പെട്ടാല്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പായി കരുതണം.
ക്ഷീണം
ശരീരക്ഷീണം, ഹൃദയമിടിപ്പിന്റെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവും ഹൃദ്രോഗം വരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. അമിത ജോലി, ഉറക്കക്കുറവ്, പോഷകാഹാരക്കുറവ് എന്നിവയുടെ ഫലമായി ക്ഷീണം ഉണ്ടാകാം. എന്നാല്‍, ഹൃദയ സംബന്ധ പ്രശ്നങ്ങളുടെ സൂചനയായും ഇതിനെ കാണണം.
പതിവിലും കൂടുതല്‍ ക്ഷീണം തോന്നുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ കഠിനമായ ബലഹീനതയും അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
തലകറക്കം, കാലുകളില്‍ നീര്
തലചുറ്റല്‍, തലകറക്കം, കാലുകളിലെ നീര് എന്നിവയും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളായി കരുതാം. എന്നാല്‍, ഈ മൂന്ന് അവസ്ഥയും ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹൃദയം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കാനും ശരീരം ഈ സിഗ്നലാണ് നല്‍കുന്നത്. അതുകൊണ്ട് തലകറക്കവും തലചുറ്റലും സ്ഥിരമായുണ്ടെങ്കില്‍ ഡോക്ടറെ കാണാതിരിക്കരുത്.
കോശങ്ങളിലെ അമിതമായ ദ്രാവകം എഡിമ എന്നറിയപ്പെടുന്ന വീക്കത്തിന് കാരണമാകും. ഹൃദയം ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ കാലുകളുടെ സിരകളിലെ രക്തയോട്ടം മന്ദഗതിയിലാക്കുകയും നീരിനു കാരണമാകുകയും ചെയ്യും.
ഹൃദ്രോഗം സൂചിപ്പിക്കുന്ന സൂചനകള്‍ ഏതെല്ലാമെന്ന് മനസിലായ സ്ഥിതിക്ക്, ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തി ചികിത്സ തേടേണ്ടതും നിര്‍ണായമകാണ്.
നന്നായി വിയര്‍ക്കുന്നതുവരെ വ്യായാമം ചെയ്യുന്നതാണ് പലരോഗങ്ങളെയും അകറ്റിനിര്‍ത്താനുള്ള പ്രധാന മാര്‍ഗം എന്നതും മറക്കാതിരിക്കുക.