മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാലോ കെെയോ ഒടിഞ്ഞാല്‍ പോലും ഇത്രയും വേദന തിന്നേണ്ടിവരില്ല എന്നാണ് പല്ലുവേദനയുള്ളവര്‍ പറയുന്നത്.
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുകയാണ് ഈ കഠിന വേദനയില്‍നിന്ന് അകന്നു നില്‍ക്കാനുള്ള ഏകമാര്‍ഗം. ദന്തക്ഷയം അഥവാ പൊത്ത്, പോട് വീഴുന്നതാണ് പല്ലുവേദനയ്ക്ക് ഒരു പ്രധാന കാരണം. പല്ലിലേക്കുള്ള ചെറിയ ഞരമ്പുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും പല്ല് പുളിപ്പ്, വേദന എന്നിവയ്ക്കു കാരണമാകുന്നു.
പല്ലില്‍ പോട്, പൊത്ത് വീഴുന്നത് എങ്ങനെ തടയാമെന്ന് നോക്കാം. ഭക്ഷണ അവശിഷ്ടങ്ങള്‍ പല്ലില്‍ ഇരിക്കുകയും അവയെ ബാക്ടീരിയകള്‍ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങള്‍ പല്ലിന്റെ ഉപരിതലത്തിലുള്ള ധാതുക്കളെ അലിയിക്കുകയും ചെയ്യുന്നതിലൂടെയാണ് ദന്തക്ഷയം എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.
ദന്തക്ഷയത്തിന്റെ കാരണം എന്ത്
ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം പല്ലുകളുടെ ഉപരിതലത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നതാണ് ദന്തക്ഷയം. ഭക്ഷണ അവശിഷ്ടങ്ങള്‍ മുതല്‍ പഞ്ചസാരവരെയുള്ള സാധനങ്ങളെ അലിയിപ്പിക്കാന്‍ ബാക്ടീരിയ നടത്തുന്ന പ്രതിപ്രവര്‍ത്തനം പല്ലിന്റെ പുറം പാളിയായ ഇനാമലിനെ ക്രമേണ നശിപ്പിക്കുന്ന ആസിഡ് ഉത്പാദിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു.
ഇത് കാലക്രമേണ ഇനാമലില്‍ ചെറിയ ദ്വാരങ്ങളോ അറകളോ സൃഷ്ടിക്കുന്നു. ചികിത്സിക്കാതെ വിടുകയാണെങ്കില്‍, അറകള്‍ പല്ലിലേക്ക് ആഴത്തില്‍ നീങ്ങുകയും വേദന, അണുബാധ, പല്ല് നഷ്ടപ്പെടല്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
ദന്തക്ഷയം ഫലപ്രദമായി തടയുന്ന ചികിത്സകള്‍ ധാരാളമുണ്ട്. എന്നാല്‍, സ്വയം ഇതില്‍നിന്ന് മോചിതരാകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, അവ:
രണ്ടുതവണ ബ്രഷ് ചെയ്യുക ഒപ്പം ഫ്ളോസിംഗും
ദിവസത്തില്‍ രണ്ടുതവണ പല്ല് തേക്കുന്നത് ഭക്ഷണ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാന്‍ സഹായകമാണ്. ഓരോ തവണയും ചുരുങ്ങിയത് രണ്ട് മിനിറ്റ് എങ്കിലും പല്ല് തേക്കുക. എങ്കില്‍ മാത്രമേ പല്ലുകളുടെ എല്ലാ ഭാഗത്തും ബ്രഷ് എത്തുകയുള്ളൂ.
ബ്രഷ് എത്താത്ത ഇടങ്ങളും നമ്മുടെ പല്ലുകളില്‍ ഉണ്ട്. അങ്ങനെ വരുമ്പോള്‍ ഫ്ളോസിംഗ് മാര്‍ഗം ഉപയോഗിക്കാം. പല്ലുകള്‍ക്ക് ഇടയിലെ ഇടുങ്ങിയ സ്ഥലങ്ങളില്‍ നൂല് ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നതാണ് ഫ്ളോസിംഗ്.
ടൂത്ത് ബ്രഷ് ഫലപ്രദമായി എത്താത്ത പല്ലുകള്ക്കിടയിലെയും മോണയുടെ വശങ്ങളിലെയും ഭക്ഷണ കണങ്ങളെയും മറ്റും നീക്കം ചെയ്യാന്‍ ഫ്ളോസിംഗ് സഹായകമാണ്. മോണകള്‍ക്ക് മുറിവ് സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഫളൂറൈഡ് ടൂത്ത് പേസ്റ്റ്, വെള്ളം കുടിക്കുക
വായുടെയും പല്ലിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണ് നമ്മള് തെരഞ്ഞെടുക്കുന്ന ടൂത്ത് പേസ്റ്റ്. ഫ്ളൂറൈഡ് കൂടുതലായി അടങ്ങിയ പേസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് പല്ലിന്റെ ആരോഗ്യത്തിനു നല്ലത്.
ഫ്ളൂറൈഡ് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുകയും ബാക്ടീരിയയില്‍ നിന്നുള്ള ആസിഡ് ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. അതുകൊണ്ട് സര്‍ക്കാര്‍ ആരോഗ്യ സംഘടനകള്‍ അംഗീകരിച്ച ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് ഉത്തമമാണ്.
അതുപോലെ സുപ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. വെള്ളം വായിലെ ആസിഡുകളെ നിര്‍വീര്യമാക്കാനും ഭക്ഷണ അവശിഷ്ടങ്ങളെ കഴുകിക്കളയാനും സഹായിക്കുന്നു. സാധ്യമാകുമ്പോള്‍ ഫ്ളൂറൈഡഡ് വെള്ളം ഉപയോഗിക്കുക. ഇത് പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തും.
പഞ്ചസാര പരിമിതപ്പെടുത്തുക
പഞ്ചസാരയുടെ അളവ് കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും പഞ്ചസാര ധാരാളമായുള്ള മിഠായികള്‍ പോലുള്ളവ ഒഴിവാക്കുകയും ചെയ്യുന്നതാണ് പല്ലിന്റെ ആരോഗ്യത്തിനു നിര്‍ണായകം. കാരണം, വായിലെ ബാക്ടീരിയകള്‍ക്ക് പഞ്ചസാരയുടെ അംശം അത്രമേല്‍ താത്പര്യമുള്ളതാണ്.
അത് ആക്രമണം ശക്തിപ്പെടുത്തുകയും പല്ലിന്റെ ഇനാമലിനു കേടുവരുത്തുകയും ദന്തക്ഷയത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യും. ചൂയിംഗം ചവയ്ക്കുന്ന ശീലക്കാരാണെങ്കില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ ഗം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
പഞ്ചസാരയില്ലാത്ത ഗം ചവയ്ക്കുന്നത് ഉമിനീര് ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് വായിലെ ഭക്ഷ്യകണങ്ങളെ ക്ലീന്‍ ചെയ്യാനും ആസിഡുകള്‍ നിര്‍വീര്യമാക്കാനും സഹായിക്കും.
ബാക്ടീരിയയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന പ്രകൃതിദത്ത മധുരമായ സൈലിറ്റോള്‍ അടങ്ങിയ ചുയിംഗമാണ് ഏറ്റവും നല്ലത്.
പുകയില ഉപേക്ഷിക്കുക, സന്തുലിത ഭക്ഷണക്രം പാലിക്കുക
പല്ലിന്റെ പൊത്ത് വീഴ്ച തടയാനും ആരോഗ്യം സംരക്ഷിക്കാനും നിര്‍ണായകമാണ് പുകയിലയും പുകയില ഉത്പന്നങ്ങളും ഉപേക്ഷിക്കുക എന്നത്. വിവിധ മോണ രോഗങ്ങള്‍, വായിലെ കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ് പുകയിലയും പുകയില ഉത്പന്നങ്ങളും.
പുകവലി ഉപേക്ഷിക്കുന്നത് മൊത്തത്തിലുള്ള വായയുടെ ആരോഗ്യം മെച്ചപ്പെടുത്തി അപകടസാധ്യത കുറയ്ക്കും. സന്തുലിതമായ ഭക്ഷണക്രമം പാലിക്കുന്നതും ദന്തക്ഷയത്തില്നിന്ന് നമ്മളെ മുക്തമാക്കും.
പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സന്തുലിത ഭക്ഷണക്രമം പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് സഹായകമാണ്. പല്ലുകളുടെ ഇനാമലിന് കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഡി എന്നിവയുള്ള ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്.
ദന്തഡോക്ടറെ സന്ദര്‍ശിക്കുക
കൃത്യമായി ദന്തഡോക്ടറെ കാണുന്നത് പല്ലിന്റെ മാത്രമല്ല, വായയുടെ മൊത്തത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ സഹായകമാണ്. ഡെന്റല്‍ സീലന്റുകള്‍ ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കാം.
പല്ല് സംരക്ഷണത്തിനായി ചവയ്ക്കുന്ന പ്രതലങ്ങളില്‍ പ്രയോഗിക്കുന്ന നേര്‍ത്ത, സംരക്ഷണ കോട്ടിംഗുകളാണ് ഡെന്റല്‍ സീലന്റുകള്‍.