നെടുന്പാശേരി: വ്യോമയാന വിദ്യാഭ്യാസത്തെയും പ്രഫഷണൽ പരിശീലന രീതികളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ (സിഐഎഎസ്എൽ) അക്കാദമിയിൽ എയ്റോഡോസെന്റ് 2026 എന്നപേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
രാജ്യാന്തര സിവിൽ വ്യോമയാന സംഘടനയുടെ (ഐസിഎഒ) അടിസ്ഥാന മാനദണ്ഡങ്ങളും പദാവലികളും പ്രവർത്തനരീതികളും പരിചയപ്പെടുത്തുകയാണു ലക്ഷ്യം. നാളെ സിയാൽ എയ്റോ പാർക്കിലെ ബിസിനസ് സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യോമയാനമേഖലയിലെ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം.
വിമാനങ്ങളുടെ പ്രവർത്തനം, വിമാനത്താവളത്തിന്റെ പ്രവർത്തനം, യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമമായ നീക്കം, പരിസ്ഥിതിസംരക്ഷണം, വ്യോമയാന സുരക്ഷ, അപകടസാധ്യതയുള്ള വസ്തുക്കളുടെ സുരക്ഷിതമായ ഗതാഗതം തുടങ്ങി ഐസിഎഒയുടെ 6, 9, 14, 16, 17, 18 അനക്സുകളാണ് സെമിനാറിൽ ചർച്ച ചെയ്യുക.
വ്യോമയാന വിദ്യാഭ്യാസമേഖലയിൽ ഐസിഎഒ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുകയും അന്താരഷ്ട്ര നിലവാരമുള്ള മികച്ച കോഴ്സുകൾ നൽകുകയും ചെയ്യുന്നതിന് ഫാക്കൽറ്റികളെ പ്രാപ്തരാക്കുകയാണ് എയ്റോഡോസെന്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സിഐഎഎസ്എൽ അക്കാദമി അറിയിച്ചു. ഫോൺ: 94475 73732.