കൊച്ചി: സംസ്ഥാനത്ത് സ്വർണ ഹാൾമാർക്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് അടുത്തിടെ വന്ന പത്രറിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ( കെജിഎസ്എംഎ) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിനോട് (ബിഐഎസ്) ആവശ്യപ്പെട്ടു.
എച്ച്യുഐഡി വിവരങ്ങളിലെ ക്രമക്കേടുകൾ, ബിഐഎസ് കെയർ ആപ്പിന്റെ വിശ്വാസ്യത, രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന സ്വർണ റിഫൈനറികളുടെയും മെൽറ്റർമാരുടെയും പ്രവർത്തനം, റീനിയം ഉൾപ്പടെയുള്ള ലോഹങ്ങൾ ഉപയോഗിച്ചു സ്വർണത്തിൽ മായം ചേർക്കാനുള്ള സാധ്യത എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ ഗൗരവമായി പരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളത്തിൽ ഇത്തരം ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നു ബിഐഎസ് അടിയന്തരമായി പരിശോധിക്കണം. എച്ച്യുഐഡി സംവിധാനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക, അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുക, സ്വർണത്തിലെ മായം കണ്ടെത്താൻ നിലവിലെ പരിശോധനാസംവിധാനങ്ങൾക്കു കഴിയുന്നുണ്ടോയെന്ന് വിലയിരുത്തുക, ശുദ്ധതയിലും ഹാൾമാർക്കിംഗ് രേഖകളിലും ഉണ്ടായിട്ടുള്ള പരാതികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചു.
അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഔദ്യോഗികമായി വ്യാപാരമേഖലയെ അറിയിക്കുകയും ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഹാൾമാർക്കിംഗ് സംവിധാനത്തിലുള്ള വിശ്വാസ്യത ഉപഭോക്തൃ സംരക്ഷണത്തിനും ആഭരണ വ്യാപാരമേഖലയുടെ നിലനില്പിനും അത്യന്താപേക്ഷിതമാണ്.
ഏതാനും സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിഐഎസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു വ്യാപാരം നടത്തുന്ന സത്യസന്ധരായ ജ്വല്ലറികളെ സംശയത്തിന്റെ നിഴലിലാക്കരുത്. ഹാൾമാർക്കിംഗ് സംവിധാനത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് അതിന്റെ വിശ്വാസ്യത കൂടുതൽ ശക്തിപ്പെടുത്തുകയാണ് അസോസിയേഷന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ് എന്നിവർ ബിഐഎസ് കൊച്ചി മേധാവിക്കു നിവേദനം നൽകി.