ജീവശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ച് നൂതന ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുന്ന ശാസ്ത്ര ശാഖയായ ബയോ ടെക്നോളജിയിൽ ഉയർന്നതലത്തിൽ ഗവേഷണം നടത്തുന്നതിന് കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റ് (ഡിബിടി) അവസരം ഒരുക്കുന്നു. ന്യൂഡൽഹിയിലെ ബയോടെക് കണ്സോർഷ്യം ഇന്ത്യാ ലിമിറ്റഡുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.
ബയോടെക്നോളജി, അപ്ലൈഡ് ബയോളജി മേഖലകളിൽ ഗവേഷണം നടത്താൻ അതി സമർഥരെ തെരഞ്ഞെടുത്ത് ഡിബിടി ജൂണിയർ റിസർച്ച് ഫെലോഷിപ് (ഡിബിടിജെആർഎഫ്) നൽകുകയാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. രണ്ടു തരത്തിലാണു ഡിബിടിജെആർഎഫ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബിഇടി-ബെറ്റ്) വഴിയാണ് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ബെറ്റിൽ ആദ്യ 275 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ഫെലോഷിപ് നൽകുന്നതാണ് ആദ്യ സ്കീം. ഇക്കൂട്ടർക്ക് ഇന്ത്യയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിലോ സ്ഥാപനത്തിലോ പിഎച്ച്ഡി പ്രോഗ്രാമിനു രജിസ്റ്റർ ചെയ്യാം. 100 പേരെയാണു രണ്ടാം വിഭാഗത്തിൽ തെരഞ്ഞെടുക്കുക. ഇവർക്ക് ഡിബിടി സ്പോണ്സർ ചെയ്തിരിക്കുന്ന പ്രോജക്ടുകളിൽ ചേർന്നു ഗവേഷണം നടത്താം.
ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്കും ബയോടെക്നോളജിയിലും ബയോഇൻഫർമാറ്റിക്സിലും ബിടെക് നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2019 മാർച്ച് 22ന് 31 കവിയരുത്. സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും 33 വയസ്. ഏപ്രിൽ 14നു രാവിലെ 10നാണു ബെറ്റ്. കേരളത്തിൽ തിരുവനന്തപുരവും എറണാകുളവുമാണു പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 250 രൂപ. മാർച്ച് 22നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.bcil.nic.in