സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപെടുന്ന വിദ്യാർഥികൾക്കുള്ള വിദ്യാസമുന്നതി പദ്ധതി പ്രകാരം വിവിധ പ്രഫഷണൽ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷാ പരിശീലനത്തിനും ധനസഹായം നൽകുന്നുണ്ട്.
സിവിൽ സർവീസ്: അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓണ്‍ലൈൻ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിൽ നിന്നും ലഭിക്കുന്ന രജിസ്റ്റർ നന്പർ ഉപയോഗിച്ചു മാത്രമേ പരിശീലന ധനസഹായ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം. ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. പരിശീലന ധനസഹായം ഒടുക്കിയ ഫീസ് തിരികെ നൽകുന്ന മാതൃകയിലാണ്. അപേക്ഷകൻ ഒടുക്കിയ ഫീസ് തുക മാത്രമേ അനുവദിച്ചു നൽകുകയുള്ളൂ.
മെഡിക്കൽ/എൻജിനീയറിംഗ്: ബിരുദതലം - 20 വയസാണ് അപേക്ഷകർക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഓരോ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് അല്ലെങ്കിൽ 70 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. എച്ച്എസ്എസ് പഠനം പൂർത്തിയാക്കിയവർക്ക് കെമിസ്ട്രി, ഫിസിക്സ്, ഓപ്ഷണൽ വിഷയം എന്നിവയിൽ ഓരോ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് അല്ലെങ്കിൽ 70 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം.
ബിരുദാനന്തര ബിരുദതലം - 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. പ്രായപരിധിയില്ല. ഫീസ് ഇനത്തിൽ അടച്ച തുകയാണ് തിരികെ നൽകുക. എന്നിരുന്നാലും ഒടുക്കിയ ഫീസ് തിരികെ നൽകുന്ന മാതൃകയിലാണ് ധനസഹായം അനുവദിക്കുക.
ബാങ്ക്/പിഎസ്സി/യുപിഎസ്സി/മറ്റ് മത്സര പരീക്ഷകൾ: അപേക്ഷകർ പരീക്ഷാ പരിശീലനത്തിനായി നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം. ധനസഹായമായി പരമാവധി ആറായിരം രൂപ വരെ ഫീസ് ഇനത്തിൽ അടച്ച തുക മാത്രമാണ് ലഭിക്കുക. മത്സര പരീക്ഷാ പരിശീലനം നേടുന്ന അപേക്ഷാർഥിക്ക് അതത് മത്സര പരീക്ഷകൾക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. മുന്‍പ് പരിശീലന സഹായം ലഭിച്ചവർ പുതുതായി അപേക്ഷിക്കാൻ അർഹരല്ല.
ഇതു സംബന്ധിച്ച വിജ്ഞാപനം താമസിയാതെ പ്രസിദ്ധീകരിക്കും.