സംവിധായകനും നിര്‍മാതാവുമായ മഹേഷ് ഭട്ടിനെതിരേ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായ ലുവിയേന ലോധ്. മഹേഷ് ഭട്ടിന്റെ അനന്തരവന് സുമിത്ത് സബര്‍വാളിന്റെ ഭാര്യയാണ് ലുവിയേന.
മഹേഷ് ഭട്ട് ബോളിവുഡ് സിനിമയിലെ ഡോണ്‍ ആണെന്നും നിരവധി പേരുടെ ജീവിതം തകര്‍ത്തെന്നും നടിയുടെ ആരോപണം. അതേസമയം ലുവിയേനക്കെതിരേ നിയമ നടപടിയെടുക്കുമെന്ന് മഹേഷ് ഭട്ടിന്റെ അഭിഭാഷകന്.
സുമിത്ത് ബോളിവുഡില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ ഞാന്‍ വിവാഹമോചനത്തിന് അപേക്ഷ നല്കി. മഹേഷ് ഭട്ടിന് സുമിത്തിന്റെ മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അറിയാം. മഹേഷ് ഭട്ടും കുടുംബവും എന്നെ ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയുമാണ് .
സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് തന്നെ അയാളാണ്. മഹേഷിന്റെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം പ്രയാസത്തിലാകും. സിനിമയില്‍ അവസരമില്ലാതാകും. നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് ഇത്തരത്തില്‍ തകര്‍ത്തത്. അയാളുടെ ഒരു ഫോണ്‍ കോള്‍ മതി ജോലി ഇല്ലാതാകാൻ.
മഹേഷ് ഭട്ടിനെതിരേ കേസ് കൊടുത്തപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറി എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എന്റെ പരാതിയില്‍ പോലീസ് ഒരു നടപടിയും ഇതുവരെ എടുത്തിട്ടുമില്ല. എന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് വിഡിയോയില്‍ എല്ലാം വെളിപ്പെടുത്തിയത്. നാളെ എനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഗാള്‍, കുംകും സെഗാള്‍ എന്നിവരായിരിക്കും- ലുവിയേന പറഞ്ഞു.
എന്നാല്‍ ലുവിയേനയുടെ ആരോപണം മഹേഷ് ഭട്ടിന്റെ അഭിഭാഷകന് തള്ളിക്കളഞ്ഞു. മഹേഷ് ഭട്ടിനെ അപകീര്‍ത്തിപ്പെടുത്തിയതിൽ അവർക്കെതിരേ പരാതി നല്‍കുമെന്നും അഭിഭാഷകന് പറഞ്ഞു. 2010ല്‍ പൂജ ഭട്ട് സംവിധാനം ചെയ്ത കജ്രരെയിലൂടെയാണ് ലുവിയേന സിനിമയിലെത്തിയത്.നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെതിരേ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ലുവിയേനയുടെ പുതിയ വിവാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.