ഇങ്ങനെ തുടരാനാവില്ല! അവർ വേർപിരിഞ്ഞു...
Sunday, April 10, 2022 5:52 PM IST
താരങ്ങളുടെ സ്വകാര്യ കാര്യങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ആവേശമാണ്. ഇവരുടെ പ്രണയവും വിവാഹവും പ്രണയ തകര്‍ച്ചയും വിവാഹ മോചനവുമെല്ലാം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയമായിരുന്നു യുവതാരങ്ങളായ അനന്യ പാണ്ഡെയും ഇഷാന്‍ ഖട്ടറും തമ്മിലുള്ള പ്രണയം. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ നിരന്തരം വൈറലായി മാറാറുണ്ട്. തങ്ങളുടെ പ്രണയം മറച്ചു വച്ചിരുന്നില്ല ഇഷാനും അനന്യയും.

താരകുടുംബങ്ങളില്‍ നിന്നു സിനിമയിലെത്തിയ അനന്യയും ഇഷാനും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഒരുമിച്ചുള്ള അവധി ആഘോഷവും ഡിന്നര്‍ ഡേറ്റുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഈ ആടുത്ത് ഇഷാന്‍റെ സഹോദരന്‍ കൂടിയായ ഷാഹിദ് കപൂറിനും ഭാര്യ മിറാ രജ്പുത്തിനുമൊപ്പമുള്ള ഇഷാന്‍റെയും അനന്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അനന്യ തങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമാണെന്നായിരുന്നു ഷാഹിദ് പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്. ഇഷാനും അനന്യയും പിരിയാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനാണ് അനന്യയും ഇഷാനും അവസാനം കുറിച്ചിരിക്കുന്നത്.

കാലി പീലി എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളുമായി മാറുന്നതും. ഇത് പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍, തങ്ങളുടെ കാഴ്ചപ്പാടുകള്‍ യോജിച്ച് പോകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിരിഞ്ഞുവെങ്കിലും അനന്യയും ഇഷാനും സുഹൃത്തുക്കളായി തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.