ബോളിവുഡിലെ പടലപ്പിണക്കങ്ങളും ചേരിതിരിവും കുപ്രസിദ്ധമാണ്. നിരവധി പേർ അതിനെതിരേ പല തവണ ശബ്ദമുയർത്തിയിട്ടുണ്ട്. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തോടെ വീണ്ടും അതിനെക്കുറിച്ചുള്ള ചർച്ചകൾ ബി ടൗണിൽ സജീവമായിട്ടുണ്ട്.
കങ്കണ റണൌട്ട്, വിവേക് ഒബ്റോയി തുടങ്ങിയ താരങ്ങൾ ഹിന്ദി സിനിമാ ലോകത്തിലെ കപടമുഖങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ദബാംഗ് സംവിധായകൻ അഭിനവ് കശ്യപും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂപ്പർതാരം സൽമാൻ ഖാനെതിരെയാണ് അഭിനവിന്റെ ആരോപണം.
പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ലെന്നാണ് അഭിനവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ പത്തു വർഷങ്ങളായി താൻ ഇത് അനുഭവിക്കുന്നതാണ് എന്നും തന്റെ കൈയിൽ നിരവധി തെളിവുകൾ ഉണ്ടെന്നും അഭിനവിന്റെ കുറിപ്പിൽ പറയുന്നു.
എന്റെ ശത്രുക്കാളാരാണെന്ന് എനിക്കറിയാം. സലിം ഖാൻ, സൽമാൻ ഖാൻ, അർബാസ് ഖാൻ, സൊഹാലി ഖാൻ എന്നിവരാണ് അവരെന്നും അഭിനവ് വ്യക്തമാക്കുന്നു.
സൽമാൻ ഖാൻ നായകനായ ദബാംഗ് സംവിധാനം ചെയ്തത് അഭിനവ് ആയിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാൻ തയാറായ അഭിനവിനെതിരേ നിരന്തരമായ പീഡനങ്ങൾ ആയിരുന്നു സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്നും ഉണ്ടായത്. മറ്റ് നിർമാണ കന്പനികളുമായി ഇദ്ദേഹം കരാർ ഒപ്പിടാൻ തയാറായെങ്കിലും സൽമാൻ ഖാന്റെ ഭീഷണിക്ക് മുന്പിൽ അവരെല്ലാം വഴങ്ങി.
ഒടുവിൽ റിലയൻസുമായി സഹകരിച്ച് "ബേഷാറാം’ എന്ന സിനിമ സംവിധാനം ചെയ്യാൻ അഭിനവിനായി. എന്നാൽ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സൽമാന്റെ ഏജൻസി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു.
ചിത്രത്തിന്റെ റിലീസ് മുടക്കാൻ സൽമാൻഖാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ട്രോളുകളും പ്രചാരണങ്ങളും നടത്തി സൽമാൻ ഖാൻ ചിത്രത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു. എങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാൻ സിനിമയ്ക്കു കഴിഞ്ഞു.
പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിൽക്കുവാൻ ശ്രമിച്ചപ്പോഴും സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്നും ഭീഷണിയും എതിർപ്പുകളും ഉണ്ടായിരുന്നു. തന്റെ കരിയർ മാത്രമല്ല വ്യക്തിജീവിതവും തകർക്കുവാൻ ഇവർ ശ്രമിച്ചെന്നും അഭിനവിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നും കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികൾ നേരിട്ടു. ഇതെല്ലാം എന്റെ കുടുംബം തന്നെ തകരാൻ കാരണമായി. വിവാഹബന്ധം വരെ വേർപെടുത്തേണ്ടിവന്നു എന്നും അഭിനവ് പറയുന്നു.
സല്ലുവിന്റെ ഇഷ്ടങ്ങൾക്ക് മുന്പിൽ മുട്ടുമടക്കാത്തതിന്റെ പേരിലാണ് ഇത്രയും പീഡനങ്ങൾ ഏൽക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറുവാൻ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.