സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരങ്ങളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നു. ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെയാണ് എൻഫോഴ്സ്മെന്റ് ഒടുവിൽ ചോദ്യം ചെയ്തത്. സുകേഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ താരത്തെ സാക്ഷിയായി ചോദ്യം ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ ആരോപണവിധേയനായ സുകേഷ് ചന്ദ്രശേഖർ നടത്തുന്ന കോടിക്കണക്കിന് രൂപ തട്ടിയെടുക്കൽ റാക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ജാക്വലിൻ ഫെർണാണ്ടസ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതിയല്ലെന്നും മറിച്ച് സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായി വിസ്തരിക്കുന്നതിന് വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളതെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2017ൽ അറസ്റ്റിലായ സുകേഷ് നിലവിൽ ദില്ലിയിലെ രോഹിണി ജയിലിലാണ് കഴിയുന്നത്.
അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ജാക്വലിൻ ഫെർണാണ്ടഡ് എൻഫോഴ്സ്മെന്റിന് നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പ്രമുഖ ബോളിവുഡ് നടനെ സുകേഷ് ലക്ഷ്യം വച്ചിരുന്നതായും അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ നടന്റെ പേര് പരസ്യപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.
ഇരുപതിലധികം തട്ടിപ്പുകേസുകളാണ് സുകേഷിനെതിരെയുള്ളത്. ബംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാവിന്റെ ബന്ധവെന്ന വ്യാജേന പലരിൽ നിന്നായി 75 കോടി തട്ടിച്ചെടുക്കുകയായിരുന്നു. ഇതായിരുന്നു സുകേഷിനെതിരെയുള്ള ആദ്യത്തെ കേസ്.
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയും തീഹാർ ജയിലിൽ കഴിയവെ ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയും സുകാഷ് തട്ടിപ്പ് തുടർന്നതായും കണ്ടെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.