ലോകോത്തര സംവിധാനത്തിൽ ഉത്തർപ്രദേശിൽ ഫിലിം സിറ്റി തുടങ്ങാനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ. ഒപ്പം യുപി - മഹാരാഷ്ട്ര സംസ്ഥാനങ്ങൾ തമ്മിലുള്ള പോരിനും കളമൊരുങ്ങി. കഴിഞ്ഞ സെപ്തംബറിലാണ് രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര നഗര പദ്ധതി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പ്രഖ്യാപിച്ചത്. ഗൗതം ബുദ്ധ നഗറിൽ 1000ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്.
ഫിലിം സിറ്റിയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ, സംവിധായകർ, നിർമ്മാതാക്കൾ, നിക്ഷേപകർ എന്നിവരുമായി മുംബൈയിൽ യുപി മുഖ്യമന്ത്രി നടത്തിയ കൂടി കാഴ്ചകളാണ് മഹാരാഷ്ട്ര സർക്കാരിനെ ചൊടിപ്പിച്ചത്. ചർച്ച നടത്തിയവരിൽ പ്രമുഖരായ അക്ഷയ് കുമാർ, സുഭാഷ് ഗെയ്, ബോണി കപൂർ, ടിഗ് മൻസ് ദുലിയ, സനീഷ് കൗഷിക്, മദൂർ ബർദ്ദർ, അനിൽ ശർമ എന്നിവർ പെടുന്നു.
ഇന്ത്യൻ ചലച്ചിത്ര നഗരവും സാമ്പത്തിക തലസ്ഥാനവുമായ മുംബൈ നഗരത്തിൽ നിന്നും മാറ്റി നിർത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ ആക്ഷേപം. രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മറ്റു ഭരണകക്ഷി പാർട്ടികളും രംഗത്തുണ്ട്.ഇന്ത്യൻ സിനിമയെ യുപിയിലേക്ക് പറിച്ചു നടാനുള്ള നീക്കം എന്ന പ്രചാരണവും ശക്തമാണ്.
100 വർഷം പിന്നിട്ട ഇന്ത്യൻ സിനിമയുടെ സിരാ കേന്ദ്രം മുംബൈ തന്നെയാണ്. അതുകൊണ്ടാണല്ലോ അമിത ബച്ചൻ, ശത്രുഘ നൻ സിൻഹ, ധർമന്ദ്ര, ഹേമമാലിനി, ഐശ്വര്യ റായ് അടക്കമുള്ള സെലിബ്രിറ്റികൾ "ബോംബെ' ക്കാരായി മാറിയത്. എന്നാൽ മാറുന്ന കാലത്തിനൊപ്പം മുംബൈയുടെ പരിമിതികളും ഏറെയാണ്. പുതിയ സാങ്കേതിക വളർച്ചയുടെഭാഗമായി വൻ മാറ്റങ്ങളാണ് സിനിമയിൽ അനുദിനം സംഭവിക്കുന്നത്. അതിന്റെ ഭാഗമാകാൻ പുതിയ ഫിലിംസിറ്റിക്ക് കഴിയും എന്നതിൽ തർക്കമില്ല.
തെന്നിന്ത്യൻ സിനിമയുടെ "മദിരാശി' നഗരവും "കോടമ്പാക്ക'വും ചരിത്രമാവുകയും ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലേക്ക് നമ്മുടെ സിനിമകൾ മാറുന്നത് സൗകര്യങ്ങളുടെ ഗുണങ്ങൾ കൊണ്ടു തന്നെയാണ്. ഇതു തന്നെയാണ് ഹിന്ദി സിനിമക്കും മറ്റു ഭാഷാ ചിത്രങ്ങൾക്കും പുതിയ ഫിലിം സിറ്റി യിലൂടെ സംഭവിക്കാൻ പോകുന്നത്.
പ്രേംടി.നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.