ബോളിവുഡിനു പുറമേ തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള താരങ്ങളാണ് ഹൃത്വിക് റോഷനും ദീപിക പദുകോണും. ബോളിവുഡിലാണ് ഇരുവരും സജീവമെങ്കിലും ഇവരുടെ ചിത്രങ്ങൾക്കു തെന്നിന്ത്യയിലും മികച്ച സ്വീകാര്യതയാണുള്ളത്. ഇന്ത്യൻ സിനിമയിലെ കൂൾ ആൻഡ് ഹോട്ട് താരങ്ങളാണിവർ. ഇപ്പോഴിതാ ഇവർ ഇതാദ്യമായി ഒരു സിനിമയിൽ ഒന്നിക്കുകയാണ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദീപികയും ഹൃത്വിക്കും ആദ്യമായി ഒന്നിക്കുന്നത്. ഫൈറ്റർ എന്നു പേരിട്ടിരിക്കുന്ന ചിത്രം 2022 സെപ്റ്റംബർ 30 ന് പ്രദർശനത്തിനെത്തിക്കാനാണ് അണിയറക്കാർ ലക്ഷ്യമിടുന്നത്. ഫൈറ്ററിന്റെ ആദ്യ ടീസർ പങ്കുവെച്ച് കൊണ്ടാണ് ചിത്രത്തിനെക്കുറിച്ച് അണിയറക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രിയപ്പെട്ട ജോഡികളെ ഒരുമിച്ച് കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഹൃത്വികിന്റെ സൂപ്പർഹിറ്റായ ബാംഗ് ബാംഗ്, വാർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാർഥ് ആനന്ദ്. ഹൃത്വികിന്റെ 46-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ദീപിക പദുകോണും നടൻ ഹൃത്വിക് റോഷനും ഈ ടീസർ പങ്കുവെച്ചിട്ടുണ്ട്.
സ്വപ്നങ്ങൾ ശരിക്ക് യാഥാർഥ്യമാകാറുണ്ട് എന്ന അടിക്കുറിപ്പിലാണ് ദീപിക പദുക്കോണ്‍ സന്തോഷ വാർത്ത പങ്കുവെച്ചത്. ദീപികയ്ക്കൊപ്പമുള്ള ആദ്യ യാത്രയെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് എന്നായിരുന്നു ഹൃത്വിക് കുറിച്ചത്. എന്തായാലും ഇഷ്ടതാരങ്ങളെ ആദ്യമായി ഒന്നിച്ചു കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം ദീപിക പദുക്കോണിന്റെ പിറന്നാൾ ദിനത്തിലെ ഹൃത്വിക്കിന്റെ ആശംസസന്ദേശത്തിലും അതിന് നൽകിയ മറുപടിയിലും ചെറിയ സൂചനകളുണ്ടായിരുന്നു. രണ്ട് ദിവസം കഴിക്കുന്പോൾ വലിയ ആഘോഷം വരാൻ പോകുന്നു എന്നാണ് ദീപിക കുറിച്ചത്.
ഛാപക്കാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദീപിക ചിത്രം. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 83 ആണ് പുറത്തു വരാനുള്ള ദീപികയുടെ ചിത്രം. വിവാഹത്തിന് ശേഷം ഭർത്താവ് രണ്‍വീർ സിംഗിനോടൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.