ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരേ കടുത്ത വിമർശനവുമായി തെന്നിന്ത്യൻ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മ. കങ്കണയുടെ സിനിമാജീവിതം നിലനിൽക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണെന്നാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയോടെ ബോളിവുഡിലെ മൂവി മാഫിയ എന്ന് പറഞ്ഞ് സ്വജനപക്ഷപാതത്തിനെതിരേ കങ്കണ വിമർശനവുമായി എത്തിയിരുന്നു. ഇതിന് മറുപടിയായാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കങ്കണയുടെ മുൻ കാമുകൻ ആദിത്യ പഞ്ചോളി, ആദ്യസിനിമയിലെ നായകൻ ഇമ്രാൻ ഹാഷ്മി, കങ്കണ അഭിനയിച്ച ആദ്യ സിനിമയുടെ നിർമാതാവ് മഹേഷ് ഭട്ട്, ആദ്യസിനിമയിലെ സഹതാരം ഹൃത്വിക് റോഷൻ, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദൽ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും വിവാദങ്ങളുടെ വിവരങ്ങളുമാണ് നഗ്മ പങ്കുവച്ചത്.
നഗ്മയുടെ ട്വീറ്റിനു പിന്നാലെ കങ്കണയുടെ സോഷ്യൽ മീഡിയ ടീം ആരോപണങ്ങൾക്കു മറുപടിയുമായി എത്തി. പഞ്ചോളി കങ്കണയുടെ കാമുകനായിരുന്നില്ല എന്ന് ഒരുപാട് തവണ വ്യക്തമാക്കിയതാണ്. ഉപദേഷ്ടാവ് ആകാം എന്നു പറഞ്ഞ് ദ്രോഹം ചെയ്തയാളാണ്. ഓഡിഷനും ഷൂട്ടിങ്ങിനും പോകുന്പോൾ കങ്കണയെ തളർത്താനാണ് ശ്രമിച്ചത്. അനുരാഗ് ബസുവിന് കങ്കണയെ പരിചയപ്പെടുത്തിയത് അയാളല്ല. അയാളെ അനുരാഗ് ബസുവിന് അറിയുക പോലുമില്ല- കങ്കണയുടെ ടീം പറയുന്നു. ആദ്യ ചിത്രം ഗ്യാംഗ്സ്റ്ററിനായി ഓഡിഷന് പോയാണ് ചിത്രത്തിലെത്തിയത്, അവിടെ സ്വജനപക്ഷപാതമില്ല.
കങ്കണയെ ഏറ്റെടുക്കാൻ ഒരു ഏജൻസിയും തയാറായിരുന്നില്ല. കാരണം വിവാഹച്ചടങ്ങുകളിൽ ആളുകൾ കാശ് വാരി എറിയുന്പോൾ നൃത്തം ചെയ്യാൻ അവർ ഒരുക്കമല്ലായിരുന്നു. ഫെയർനെസ് ക്രീം പരസ്യങ്ങൾ ഏറ്റെടുക്കാറില്ല. അതിനാൽ രംഗോലി അവരുടെ സിനിമയുടെ ഡേറ്റുകൾ നിയന്ത്രിക്കാൻ ആരംഭിച്ചു. അവർ ഇംഗ്ലിഷ് സംസാരിക്കാറില്ല. ഏതൊരു സഹോദരിയും ചെയ്യുന്നത് മാത്രമേ അവരും ചെയ്തിട്ടുള്ളു. നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ- നഗ്മയോടായി ഇവരുടെ സോഷ്യൽ മീഡിയ ടീം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.