ആദ്യ സിനിമ മുതൽ രാശിയില്ലാത്തവൾ എന്നു മുദ്ര കുത്തപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞു രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലൻ. മോഹൻലാലിനൊപ്പമാണ് വിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിംഗ് നിർത്തിവച്ചു. ഇതോടെ തനിക്കു ലഭിച്ച എട്ടു സിനിമകളിൽ നിന്നു തന്നെ മാറ്റിയതായി വിദ്യ പറയുന്നു.
കരിയറിന്റെ തുടക്കകാലത്ത് അനുഭവിച്ച ദുരിതത്തെക്കുറിച്ചാണ് ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ വിദ്യ വെളിപ്പെടുത്തിയത്. മോഹൻലാലിനൊപ്പമാണ് മലയാളത്തിൽ ആദ്യമായി ഫീച്ചർ ഫിലിം ചെയ്തത്. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7-8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാൽ ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളിൽ നിന്നും എന്നെ മാറ്റി. തുടർന്ന് എന്നെ രാശിയില്ലാത്തവളായി മുദ്രകുത്തി. ഇത് പരിഹാസ്യമാണ്. ഞാൻ ഇതിൽ വിശ്വസിക്കുന്നില്ല. അത്തരം അന്ധവിശ്വാസമുള്ള ആളല്ല ഞാൻ.
വിജയമോ പരാജയമോ മറ്റൊരാൾ കാരണമാകും എന്ന് ഞാൻ കരുതുന്നില്ല. സിനിമകളിൽ നിന്ന് എന്നെ മാറ്റിയതോടെ എന്റെ ഹൃദയം തകർന്നു. അക്കാലത്ത് ഒരു വലിയ സിനിമയിൽ നിന്ന് എന്നെ പുറത്താക്കി. ദേഷ്യം മുഴുവൻ എന്റെ അമ്മയോടാണ് കാണിച്ചത്. പ്രാർഥനകളിലൂടെയും മെഡിറ്റേഷനിലൂടെയും എന്നെ ശാന്തയാക്കാൻ അമ്മ ശ്രമിച്ചു. എന്തുകൊണ്ട് നിനക്ക് ഇരുന്ന് പ്രാർഥിച്ചു കൂടാ എന്ന് അവർ ചോദിച്ചു. എന്നാൽ ദേഷ്യവും നിസഹായാവസ്ഥയും കാരണം ഞാൻ അമ്മയുമായി വഴക്കിടുകയായിരുന്നു- വിദ്യ പറയുന്നു.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരന്പരയിലൂടെയാണ് വിദ്യയുടെ ഹിന്ദി അഭിനയ ജീവിതത്തിന്റെ തുടക്കം. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ഒരു ബംഗാളി സിനിമയിലാണ് (ഭലോ ദേക്കോ 2003). പരിണീത എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ പ്രോജക്ട്. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
പിന്നീട് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹോ മുന്നാഭായി (2006) എന്ന സിനിമ വിദ്യയ്ക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ആറു ഫിലിംഫെയർ പുരസ്കാരങ്ങളും ആറു സ്ക്രീൻ പുരസ്കാരങ്ങളും ലഭിച്ചു. അന്തരിച്ച നടി സിൽക്ക് സ്മിതയുടെ കഥ പറഞ്ഞ ദി ഡേർട്ടി പിക്ചർ എന്ന സിനിമയിലെ പ്രകടനത്തിനു ദേശീയപുരസ്കാരവും വിദ്യയെ തേടിയെത്തി. 2012 ഡിസംബർ 14-ന് വിദ്യ, സിദ്ധാർഥ് റോയ് കപൂർ എന്ന സിനിമാ നിർമാതാവുമായി വിവാഹിതയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.