അതൊക്കെ ഭയാനകമാണ്: കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് സ്വര ഭാസ്കര്‍
Tuesday, June 20, 2023 3:34 PM IST
അഭിനയമികവിനൊപ്പം ഉറച്ച നിലപാടുകളിലൂടെയും ശ്രദ്ധേയയായ ബോളിവുഡ് താരമാണ് സ്വര ഭാസ്കര്‍. തന്‍റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം എന്നും സ്വര ഭാസ്കര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്‍റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണവും ഭീഷണികളും സ്വരയ്ക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതൊന്നും സ്വരയെ പിന്തിരിപ്പിക്കുന്നില്ല..

സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ബോളിവുഡിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുമൊക്കെ സ്വര ഭാസ്കര്‍ സംസാരിക്കാറുണ്ട്. അടുത്തകാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്വര ഭാസ്കര്‍ സംസാരിച്ചിരുന്നു.

ബോളിവുഡിലെ ഒരു എക്സിക്യൂട്ടീവ് പ്രമുഖ സംവിധായകന്‍റെ മാനേജര്‍ ആണെന്ന വ്യാജേനയാണ് സ്വരയോട് മോശമായി പെരുമാറിയത്. പിന്നാലെ നടന്നു തന്നെ ശല്യം ചെയ്തുവെന്നും ചുംബിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സ്വര പറയുന്നത്. ഇയാള്‍ തന്‍റെ താമസസ്ഥലത്തിന്‍റെ അഡ്രസ് ചോദിച്ചു കൊണ്ടിരുന്നുവെന്നും സ്വര അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അയാള്‍ എന്‍റെ ചെവിയില്‍ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചു. ഐ ലവ് യു ബേബി എന്നു പറഞ്ഞായിരുന്നു ഉമ്മ വയ്ക്കാന്‍ നോക്കിയത്. അങ്ങനെയുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. അതെല്ലാം കാസ്റ്റിംഗ് കൗച്ചിന്‍റെ ഭാഗമാണല്ലോ- എന്നാണ് സ്വര പറഞ്ഞത്.

തന്‍റെ മറ്റൊരു അനുഭവവും സ്വര ഒരിക്കല്‍ പങ്കുവച്ചിരുന്നു. താന്‍ മുംബൈയില്‍ വന്ന കാലത്തായിരുന്നു ആ അനുഭവം സ്വരയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സംവിധായകന്‍ തന്നെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു എന്നാണ് സ്വര പറയുന്നത്.

അയാള്‍ പകലു മുഴുവന്‍ എന്നെ പിന്തുടരും. രാത്രി ഫോണ്‍ വിളിക്കും. സീന്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് റൂമിലേക്ക് വിളിക്കും. ചെല്ലുമ്പോള്‍ കാണുന്നത് മദ്യപിച്ചിരിക്കുന്ന അയാളെയാകും.

ആദ്യത്തെ ആഴ്ചതന്നെ അയാള്‍ പ്രണയത്തെക്കുറിച്ചും സെക്സിനെക്കുറിച്ചും വണ്‍ നൈറ്റ് സ്റ്റാന്‍റിനെക്കുറിച്ചും സംസാരിച്ച് തുടങ്ങി. മദ്യപിച്ച് എന്‍റെ റൂമില്‍ വന്നു. എന്നോട് കെട്ടിപ്പിടിക്കാന്‍ പറഞ്ഞു. അതൊക്കെ ഭയാനകമാണ്- സ്വര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.