ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരേ മാനനഷ്ട കേസ് നല്കി ഗാനരചയിതാവ് ജാവേദ് അക്തർ. ചാനല്‍ അഭിമുഖങ്ങളിലൂടെ തനിക്കെതിരേ അപവാദ പ്രചരണം നടത്തിയെന്ന് കാട്ടിയാണ് കേസ് നല്‍കിയിരിക്കുന്നത്. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനാണ് പരാതി നല്‍കിയത്.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കങ്കണ റണൗത്ത് അപവാദ പ്രചരണങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖര്‍ക്കെതിരേ കങ്കണ ഉന്നയിച്ച ആരോപണങ്ങളില്‍ തന്റെ പേരും വലിച്ചിഴച്ചു എന്നാണ് ആരോപണം.
നടന് ഋത്വിക് റോഷനുമായുള്ള ബന്ധത്തില്‍ ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമര്‍ശങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധയില്‍ പെട്ടെന്നും ഇത് തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിച്ചെന്നുമാണ് പരാതി.
നേരത്തേ കങ്കണ റണൗത്തിനെതിരെ ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ശബാന അസ്മിയും രംഗത്തെത്തിയിരുന്നു. സ്വന്തം കെട്ടുകഥകളില്‍ കങ്കണ വിശ്വസിച്ചു തുടങ്ങിയെന്നായിരുന്നു ശബാന അസ്മിയുടെ പ്രതികരണം. വാര്‍ത്താ തലക്കെട്ടുകളില്‍ സ്വന്തം പേര് വരാതിരിക്കുന്നതിനെ കുറിച്ച് കങ്കണ ഭയപ്പെടുന്നുണ്ടെന്നും ഇതിനാലായിരിക്കണം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിരന്തരം നടത്തുന്നതെന്നുമായിരുന്നു ശബാന അസ്മിയുടെ പ്രതികരണം.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ പ്രമുഖര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ കങ്കണ ഉന്നയിച്ചിരുന്നു. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമായിരുന്നു കങ്കണയുടെ ആരോപണം. ബോളിവുഡിലെ സ്വജനപക്ഷപാത്തതിന്റെയും വേര്‍തിരിവിന്റെയും ഇരയാണ് സുശാന്ത് എന്നും കങ്കണ ആരോപിച്ചു.
കൂടാതെ നടന് ഹൃത്വിക് റോഷനുമായുള്ള അടുപ്പത്തില്‍ നിന്ന് പിന്മാറാന് ജാവേദ് അക്തര്‍ അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.