നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ബോളിവുഡിനെ എല്ലാ അർഥത്തിലും പിടിച്ചു കുലുക്കിയിരിക്കുകയാണ്. സുശാന്തിന്റെ മരണത്തിന് പലരും പരോക്ഷമായി കാരണക്കാരായെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയർന്നു കഴിഞ്ഞു. ബോളിവുഡ് ചലച്ചിത്ര ലോകത്തെ സ്വജനപക്ഷപാതം ചർച്ചാ വിഷയമായി.
സുശാന്തിനെ മുന്പ് അവഗണിച്ചിരുന്ന പലരും അദ്ദേഹത്തിന്റെ മരണശേഷം അനുശോചനങ്ങളുമായെത്തിയതിൽ വിമർശനങ്ങളുയർന്നു. ഇപ്പോഴിതാ ഇത്തരം പ്രതികരണങ്ങൾ താരങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലും പ്രതിഫലിക്കുകയാണ്. ആരാധകർ പലരും താരങ്ങളുടെ ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പേജുകൾ അൺഫോളോ ചെയ്യുകയാണ്.
സുശാന്തിന്റെ മരണത്തിനുശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങളേറ്റ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഫോളോവേഴ്സിന്റെ എണ്ണം കേവലം 20 മിനിറ്റിനുള്ളിൽ 11 ദശലക്ഷത്തിൽ നിന്നും 10.9 ദശലക്ഷമായി കുറഞ്ഞു. ആലിയ ഭട്ടിന്റെ പേജിലാകട്ടെ ഒരു ലക്ഷത്തോളം ഫോളോവേഴ്സിന്റെ കുറവുണ്ടായി.
അതേസമയം സുശാന്തിനുവേണ്ടി ഏറ്റവും ശക്തമായി പ്രതികരിച്ച കങ്കണ റാണൗത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് രണ്ട് ദശലക്ഷത്തിൽ നിന്നും 3.8 ദശലക്ഷമായി ഉയർന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരേ കങ്കണ രൂക്ഷമായി പ്രതിഷേധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.