ബോളിവുഡിലെ പ്രധാന നായികമാരില്‍ ഒരാളാണു ലാറ ദത്ത. സൗന്ദര്യ മത്സരത്തിലൂടെയാണ് താരസുന്ദരി ബോളിവുഡിലെത്തിയത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലാറ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുകയാണ്.
സിനിമകളിലെ പ്രകടനം പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും ലാറ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചും സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചുമെല്ലാം ലാറ ദത്ത മനസ് തുറക്കുകയാണ്.
നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം ഉൾപ്പെടെ ബോളിവുഡിലെ സ്ത്രീവിരുദ്ധത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ലാറ ദത്തയും മനസു തുറന്നിരിക്കുകയാണ്. തന്റെ പുതിയ ഷോയായ ഹിക്കപ്പ്സ് ആന്റ് ഹുക്കപ്പ്സ് എന്നാണ് ലാറയുടെ പുതിയ ഷോയുടെ പേര്. ഇതിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ലാറ മനസ് തുറന്നത്.
മുതിര്‍ന്ന നായകന്മാരുടെ നായികമാരായി ചെറുപ്പക്കാരായ നായികമാര്‍ വരുന്ന ട്രെൻഡ് ഇപ്പോഴുമുണ്ട്. സാമാന്യ ബോധം ഇതെല്ലാം തിരുത്തുമെന്ന് പ്രത്യാശിക്കാം. കാര്യങ്ങളൊക്കെ പതിയെ മാറുന്നുണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
മുപ്പതിലേക്ക് എത്തിയാല്‍ നായികമാര്‍ കുടുംബിനികളാണെന്നും സെക്സി അല്ലെന്നുമുള്ള കാഴ്ചപ്പാട് ഇപ്പോള്‍ മാറുകായാണ്. എഴുത്തു മെച്ചപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനു കാരണം ഇപ്പോള്‍ കുറേ സ്ത്രീകള്‍ എഴുതുന്നുണ്ടെന്നതാണ്. അതിനാല്‍ ലെയറുകളുള്ള കഥാപാത്രങ്ങളുണ്ടാകുന്നുണ്ട്. ഞാന്‍ നല്ല ഒരുപാട് കഥകള്‍ വായിച്ചു. പതിവ് രീതിയെ മാറ്റാന്‍ ഉടനെ തന്നെ സാധിക്കുമെന്ന് കരുതുന്നു- ലാറ ദത്ത പറഞ്ഞു.
അതുപോലെ തന്നെ ബോളിവുഡില്‍ നിലനില്‍ക്കുന്ന, പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണു നടന്മാര്ക്കും നടിമാര്‍ക്കും നല്കുന്ന പ്രതിഫലത്തിലെ വ്യത്യാസം. ഇതേക്കുറിച്ചും ലാറ ദത്ത മനസ് തുറക്കുന്നുണ്ട്. പ്രതിഫലത്തിലെ അന്തരം വലിയ പ്രശ്നമാണെന്നും എന്നാല്‍ ഇന്നത് കുറേയൊക്കെ മാറിയിട്ടുണ്ടെന്നുമാണ് ലാറ പറയുന്നത്.
നടിമാര്‍ മാത്രമല്ല, സ്ത്രീ ടെക്നീഷന്‍സിനും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എഴുത്തുകാര്‍ക്കും എല്ലാം പ്രതിഫലത്തിലെ വ്യത്യാസം നേരിടേണ്ടി വരാറുണ്ട്. മാറ്റത്തിനായി ശബ്ദമുയര്ത്തിയവര്ക്കു മാറ്റം അനുഭവിക്കാന്‍ പറ്റുന്നുണ്ട്. എന്റെ അനുഭവത്തില്‍ നിന്നു തന്നെ പറയാം. എനിക്കു പത്തു പതിനഞ്ചു വര്‍ഷം മുമ്പു കിട്ടിയിരുന്നതിനേക്കാള്‍ നല്ല പ്രതിഫലമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ലാറ ദത്ത പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.