രണ്‍ബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ബോളിവുഡ് കാത്തിരിക്കുന്നത്. ബോളിവുഡിൽ നിരവധി ആരാധകരുളള താരജോഡികളാണ് ഇരുവരും.
രണ്‍ബീറിന്റെയും ആലിയയുടേതുമായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം എല്ലാവരും ഏറ്റെടുക്കാറുണ്ട്. പ്രണയത്തിലായതു മുതൽ എപ്പോഴും വാർത്തകളിൽ നിറയാറുളള താരങ്ങളാണ് രണ്‍ബീറും ആലിയയും. മുന്‍പ് ഒരുമിച്ച് നടത്തിയ വിദേശ യാത്രാ ചിത്രങ്ങളെല്ലാം ഇരുവരും പങ്കുവച്ചിരുന്നു. ആലിയയുമായുളള വിവാഹത്തെക്കുറിച്ച് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ രണ്‍ബീർ കപൂർ മനസുതുറന്നിരുന്നു.
വിവാഹം ഉടൻ തന്നെയുണ്ടാകും. ഈ കോവിഡ് പ്രശ്നം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോൾ വിവാഹിതരാവുമായിരുന്നു. ജീവിതത്തിലെ ഓരോ ലക്ഷ്യങ്ങളിലും പതിയെ എത്തണമെന്നാണ് എന്റെ ആഗ്രഹം. ലോക്ഡൗണ്‍ കാലം ഞാൻ കാര്യമായി ഒന്നും ചെയ്തില്ല. വ്യക്തിപരമായ ചില പ്രശ്നങ്ങളിലൂടെ കടന്നുപോയതിനാൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചിരുന്നു. അതേസമയം ലോക്ഡൗണ്‍ ആലിയ നന്നായി വിനിയോഗിച്ചു. ഗിത്താർ മുതൽ തിരക്കഥ വരെയുളള മേഖലയിലെല്ലാം അവൾ കൈവെച്ചു. രണ്‍ബീർ പറഞ്ഞു.
ബ്രഹ്മാസ്ത്രയാണ് രണ്‍ബീറും ആലിയയും ഒന്നിക്കുന്ന പുതിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്ന സിനിമ യേ ജവാനി ഹേ ദിവാനി സംവിധായകൻ അയാൻ മുഖർജിയാണ് ഒരുക്കുന്നത്.
ബ്രഹ്മാസ്ത്രയ്ക്ക് പുറമെ കരണ്‍ മൽഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേരയും രണ്‍ബീർ കപൂറിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ്. സഞ്ജയ് ദത്ത്, വാണി കപൂർ, റോണിത് റോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.