അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ സഹോദരി പ്രിയങ്ക രാജ്പുത്തിനെതിരേ ഗുരുതര ആരോപണവുമായി സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തി രംഗത്ത്. പ്രിയങ്ക രാജ്പുത്ത് തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് റിയയുടെ തുറന്നു പറച്ചിൽ.
2019 ഏപ്രിൽ മാസത്തിൽ സുശാന്തും താനും താമസിച്ചിരുന്ന ഫ്ളാറ്റിൽ വച്ചാണ് സംഭവം നടന്നതെന്നും റിയ പറയുന്നു. അന്നേ ദിവസം ഞങ്ങളെല്ലാവരും ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. മദ്യലഹരിയിൽ സുശാന്തിന്റെ സഹോദരി പാർട്ടിയിൽ പങ്കെടുത്ത പുരുഷന്മാരോടും സ്ത്രീകളോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയത്. ഇതുകണ്ടതോടെ അവരെ വീട്ടിൽ തിരിച്ചയയ്ക്കാൻ റിയ തന്നെ മുൻകൈ എടുത്തു.
വരുന്ന വഴിയിലും സുശാന്തും പ്രിയങ്കയും മദ്യം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെ ഷൂട്ട് ഉള്ളതിനാൽ വീട്ടിലെത്തി നേരത്തെ തന്നെ താൻ കിടക്കാൻ പോയെന്നും സുശാന്തിന്റെ മുറിയിൽ വച്ച് പ്രിയങ്ക തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നും റിയ ആരോപിക്കുന്നു. ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരം ഒരു പെരുമാറ്റത്തിന്റെ ഞെട്ടലിൽ ഉടൻ തന്നെ അവരോട് മുറിയിൽ നിന്ന് പുറത്തു പോകാൻ ഞാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ മുറിയിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു- റിയ പറഞ്ഞു.
പിന്നീട് ഇക്കാര്യം സുശാന്തിനോട് പറഞ്ഞു. ഇത് സഹോദരനും സഹോദരിയും തമ്മിൽ വഴക്കിനിടയാക്കിയെന്നും അവർ വീടുവിട്ടു പോയെന്നുമാണ് റിയ പറയുന്നത്. ഇതോടെയാണ് കുടുംബവുമായി പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എന്നാൽ റിയയുടെ ആരോപണങ്ങൾ സുശാന്തിന്റെ കുടുംബം തള്ളി. റിയാ ചക്രവർത്തിയുമായുള്ള ബന്ധത്തിന്റെ പേരിൽ സുശാന്തിന് മനസ്താപം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് സഹോദരിമാരെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നുവെന്നും കുടുംബത്തിന്റെ അഭിഭാഷകൻ പറയുന്നു.
സുശാന്തിന്റെ കാമുകിയായിരുന്ന റിയക്കെതിരേ സുശാന്തിന്റെ കുടുംബം തന്നെയാണ് ബീഹാർ പൊലീസിൽ പരാതി നൽകിയത്. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. സുശാന്തിന്റെ മരണത്തിൽ റിയയ്ക്കും പങ്കുണ്ടെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
പണം വെളുപ്പിക്കൽ അടക്കമുള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റെ ്അന്വേഷണവും റിയ നേരിടുന്നുണ്ട്. ഇതിനിടെയാണ് സുശാന്തിന്റെ കുടുംബത്തിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ തിരിച്ചടിച്ചിരിക്കുന്നത്. തന്റെ അഭിഭാഷകൻ വഴിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം സുശാന്ത് സിംഗ് രജ്പുത്ത് കേസ് സിബിഐയ്ക്ക് വിടാൻ സുപ്രിം കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ രംഗത്തുവന്നു. "സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ കണ്ടെത്തിയാൽ എന്തു സംഭവിക്കും’- ഇതായിരുന്നു തസ്ലീമയുടെ ട്വീറ്റ്.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ട്വീറ്റിനെ അനുകൂലിച്ചും വിമർശിച്ചും ധാരാളം പേർ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര- ബീഹാർ സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ ഒത്തുകളികളാണ് ഈ കേസെന്നും ആത്മഹത്യയെന്ന് കണ്ടെത്തിയാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ചിലർ ട്വീറ്റ് ചെയ്തു. എല്ലാ വിവാദങ്ങളും പോലെ സുശാന്ത് കേസും ജനങ്ങൾ മറക്കുമെന്നും ചിലർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.