നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ അടക്കമുള്ളവർക്കെതിരേ നടന്റെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്.
ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ റിയ ചക്രവർത്തി നടത്തിയ ചില ഫോണ് വിളികൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. റിയയും പ്രമുഖ സംവിധായകൻ മഹേഷ് ഭട്ടും ഈ ദിവസങ്ങളിൽ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണു റിപ്പോർട്ടുകൾ.
ജൂണ് എട്ട് മുതൽ 13 വരെ ഇരുവരും തമ്മിൽ 16 തവണ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്. സുശാന്തിന്റെ മുൻ മാനേജർ ദിഷ ജീവനൊടുക്കിയ ജൂൺ എട്ടിന് തന്നെയാണ് റിയ നടന്റെ വീട്ടിൽ നിന്ന് താമസം മാറുന്നത്. ഇതിന് ഏഴ് ദിവസങ്ങൾക്ക് ശേഷം സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയതോടെ കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. നടിയുടെ അച്ഛൻ ഇന്ദ്രജിത് ചക്രവർത്തിയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും ചോദ്യം ചെയ്യും.
അതേസമയം സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. ആസൂത്രിതമായ കൊലപാതമെന്നാണ് കുടുംബാംഗങ്ങൾ സിബിഐയ്ക്ക് നല്കിയിരിക്കുന്ന മൊഴി. സുശാന്തിന്റേത് ആത്മഹത്യയെന്ന തരത്തിലാണ് ഇത്രയും കാലം അന്വേഷണം മുന്നോട്ടുപോയത്.
എന്നാൽ അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നു എന്നാണ് കുടുംബം പറയുന്നത്. കുറ്റവാളികൾ തെളിവുകളെല്ലാം നശിപ്പിച്ചു. സിബിഐ കേസിനെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചാൽ മാത്രമേ സത്യം പുറത്തുവരൂ എന്ന് പിതാവ് കെ.കെ. സിംഗ് സിബിഐയോട് വ്യക്തമാക്കി.
അതിനിടെ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണയിൽ നടി റിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്വേഷണം നടക്കുന്ന കേസിൽ മാധ്യമങ്ങൾ തന്നെ കുറ്റവാളിയായി വിധിച്ചുവെന്നാണ് നടിയുടെ പരാതി.
താൻ രാഷ്ട്രീയ അജൻഡകളുടെ ബലിയാടാകുമെന്നു ഭയക്കുന്നതായും കടുത്ത മാനസികാഘാതത്തിൽ നിന്നും സ്വകാര്യതയുടെ ലംഘനത്തിൽ നിന്നു തനിക്ക് സംരക്ഷണം നൽകണമെന്നും റിയ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.