ബോളിവുഡ് ചലച്ചിത്രതാരവും ടെലിവിഷൻ താരവുമായ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ ഭാര്യയ്ക്കും ഭാര്യാ മാതാവിനുമെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെ പോലീസ് കേസെടുത്തത്.
സന്ദീപിന്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. അതേസമയം സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ബന്ധുക്കളുടെ മൊഴിയെടുക്കുന്നുണ്ട്.
സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം എം.എസ് ധോണി ദ അൺടോൾഡ് സ്റ്റോറിയിൽ സന്ദീപ് അഭിനയിച്ചിരുന്നു. അക്ഷയ് കുമാറിനൊപ്പം കേസരി എന്ന ചിത്രത്തിലും സന്ദീപ് അഭിനയിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയാണ് മുംബൈയിലുള്ള വസതിയിൽ സന്ദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനു മുന്പ് ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും സന്ദീപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
സന്ദീപ് മുറി തുറക്കാത്തതിനെത്തുടർന്ന് ഭാര്യ സമീപവാസികളുടെ സഹായം തേടുകയും പിന്നീട് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയുമായിരുന്നു. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ സന്ദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.