അവസരങ്ങൾ കിട്ടാത്തത്തിൽ നിരാശരാണെന്ന് ഒരിക്കലും ഭാവിക്കരുത്. പകരം നിങ്ങൾ നിങ്ങളുടെ കഴിവുകൾ തുടച്ചുമിനുക്കിക്കൊണ്ടേയിരിക്കണം- സിനിമ മോഹവുമായി എത്തുന്ന യുവജനങ്ങളോട് ബോളിവുഡ് താരവും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്നിന്റെ ഉപദേശമാണിത്.
ധാരാളം യുവജനങ്ങൾ സിനിമാ മോഹവുമായി മുംബൈയിലേക്ക് എത്തുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സുഷ്മിത ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
സിനിമാ മോഹവുമായി എത്തുന്നവരെ മുതലെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഒരിക്കലും നിങ്ങളെ മുതലെടുക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്. നിങ്ങൾ നിരാശരാണെന്ന് തോന്നിയാൽ മുതലെടുപ്പിനുള്ള സാധ്യതയും കൂടും. നിങ്ങളുടെ സമ്മർദ്ദം വർധിക്കും- സുസ്മിത പറയുന്നു.
യുവജനങ്ങൾ തങ്ങളുടെ കഴിവുകളെ മാർക്കറ്റ് ചെയ്യാൻ പഠിക്കണമെന്നും ഇതിനായി സോഷ്യൽ മീഡിയ ഉൾപ്പെടെ എല്ലാവഴികളും ഉപയോഗിക്കണമെന്നും സിനിമാ മോഹികളെ സുസ്മിത ഉപദേശിക്കുന്നു.
മിസ് യൂണിവേഴ്സ് പട്ടം തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നെങ്കിലും വലിയ രീതിയിൽ സിനിമയിൽ ചലനം സൃഷ്ടിക്കാൻ തനിക്ക് സാധിച്ചില്ലെന്നും സുസ്മിത സെൻ പറയുന്നു. ചലച്ചിത്രതാരമാകണമെന്ന് ആഗ്രഹിച്ചിരുന്നില്ലെങ്കിലും മിസ് യൂണിവേഴ്സ് പട്ടം അതിലേക്കു വഴി തുറന്നു. ആദ്യചിത്രങ്ങളൊക്കെ പരാജയമായിരുന്നു. പക്ഷെ അത് തന്നിൽ മികച്ച കൂടുതൽ മെച്ചമായി പ്രവർത്തിക്കാനുള്ള വാശി സൃഷ്ടിച്ചുവെന്നും സുസ്മിത പറയുന്നു.
1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെയാണ് സുഷ്മിത സെൻ ചലച്ചിത്രരംഗത്തെത്തുന്നത്. ഈ വർഷം ആര്യ എന്ന വെബ്സീരീസിൽ സുസ്മിത അഭിനയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.