വ്യത്യസ്തതയുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക കഴിവ് തന്നെയാണ് നടി തപ്സി പന്നുവിനുള്ളത്. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ശ്രദ്ധേയ സിനിമകളിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള തപ്സിയുടെ വേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.
രശ്മി റോക്കറ്റ് എന്ന ഹിന്ദി സ്പോർട്സ് ചിത്രമാണ് തപ്സിയുടേതായി ഉടൻ പുറത്തുവരാൻ പോകുന്നത്. മാത്രമല്ല കായിക കഥാപാത്രങ്ങളായി വരുന്ന മറ്റു സിനിമകളും തപ്സിയുടേതായി ഇനി വരാനുണ്ട്. ഇത്തരം വേഷങ്ങളിലഭിനയിക്കാൻ കഠിനമായി അധ്വാനിക്കാനും ജിമ്മിൽ വളരെയധികം സമയം ചെലവഴിക്കാനും തപ്സിക്ക് മടിയില്ല.
ശാരീരികമായി കഠിനാധ്വാനം വേണ്ടി വരുന്ന വേഷങ്ങൾ തപ്സിക്ക് വഴങ്ങുമോ എന്ന് പലരും സംശയമുയർത്തിയെങ്കിലും രശ്മി റോക്കറ്റിലെ വേഷത്തിനായി തപ്സിയുടെ തയ്യാറെടുപ്പുകളുടെ ചിത്രങ്ങൾ ഈ സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നു.
ഒക്ടോബര്‍ 15 ന് എത്തുന്ന രശ്മി റോക്കറ്റ് എന്ന സ്പോര്‍ട്സ് ഡ്രാമയില്‍ തപ്സി ഒരു സ്പ്രിന്ററായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിനായി കഠിനമായ പരിശീലനത്തിലൂടെയാണു മസിലുകൾ ത്രസിക്കുന്ന ഉറച്ച ശരീരം തപ്സി സ്വായത്തമാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്കും ഇടയാക്കി. എന്നാൽ ഇതിനെയൊക്കെ തന്റേതായ ശൈലിയിൽ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് തപ്സി നേരിട്ടത്.
ട്വിറ്ററിൽ ഒരാൾ തപ്സിയുടെ ശരീരഘടനയെക്കുറിച്ച് അഭിപ്രായപ്പെട്ടത്, തപ്സിക്ക് മാത്രമേ ഒരു ''പുരുഷശരീരം'' ഉണ്ടായിരിക്കാന്‍ കഴിയൂ എന്നാണ്. സ്വതസിദ്ധമായ ശൈലിയിൽ തപ്സി മറുപടിയും നൽകി- എനിക്ക് പറയാനുള്ളത് ഈ വരി ഓര്‍ത്ത് സെപ്റ്റംബര്‍ 23 വരെ കാത്തിരിക്കുക. മുന്‍കൂട്ടി നന്ദി പറയുന്നു. ഈ അഭിനന്ദനത്തിനായി ഞാന്‍ ശരിക്കും കഠിനാധ്വാനം ചെയ്തു. താരത്തിന്റെ ആത്മവിശ്വാസം തുളുന്പുന്ന മറുപടിയും അഭിനന്ദനങ്ങൾക്കിടയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.