തെന്നിന്ത്യൻ സിനിമകളിൽ സാന്നിധ്യമറിയിച്ച ശേഷം ബോളിവുഡിലും വിജയക്കൊടി പാറിച്ച മിന്നും താരമാണ് താപ്സി പന്നു. സിനിമയിൽ സ്വന്തമായൊരു ഇടം നേടിയെടുക്കാനും തന്റേതായ പ്രേക്ഷകരെ സന്പാദിക്കാനും കഴിഞ്ഞ നടിയാണ് തപ്സി. സോഷ്യൽ മീഡിയയിലും ധാരാളം സ്വാധീനമുണ്ട് തപ്സിക്ക്.
കഴിഞ്ഞ ദിവസം തപ്സി പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് വൈറലാവുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. താപ്സി തന്റെ ഫോട്ടോഷൂട്ട് പങ്കുവച്ച ഉടൻ കങ്കണ റണൗവത്തിന്റെ ആരാധകരാണ് കോപ്പിയടി ആരോപണവുമായി രംഗത്ത് എത്തിയത്. താപ്സി കങ്കണയെ കോപ്പിയടിക്കുകയാണെന്നായിരുന്നു ആരോപണം. നേരത്തെ ഇതേ ആരോപണം കങ്കണയുടെ സഹോദരിയും തപ്സിക്കെതിരേ ഉന്നയിച്ചിരുന്നു.
ആരാധകരുടെ ട്വീറ്റുകൾ ശ്രദ്ധിച്ച കങ്കണയും പ്രതികരണവുമായെത്തി. താപ്സി തന്നെ കോപ്പിയടിക്കുക മാത്രമല്ല, തന്നെ അമിതാഭ് ബച്ചനുമായി താരതമ്യം ചെയ്യുകയും ചെയ്തു.
ഹഹഹ... എനിക്ക് ഏറെ ഇഷ്ടമായി. അവൾ യഥാർഥ ആരാധികയാണ്. എന്റെ നിലനിൽപ്പ് തന്നെ എന്നെ പഠിക്കാനും അനുകരിക്കാനും അവൾ മാറ്റിവച്ചിരിക്കുകയാണ്. മറ്റൊരു ഫീമെയിൽ സൂപ്പർ സ്റ്റാറും പോപ്പ് കൾച്ചറിനെ ഇതുപോലെ സ്വാധീനിച്ചിട്ടില്ല. അമിതാഭ് ബച്ചന് ശേഷം ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട സൂപ്പർസ്റ്റാർ ഞാനാണ് എന്നും കങ്കണ ട്വീറ്റ് ചെയ്തു.
പിന്നാലെ താപ്സിയും പ്രതികരണവുമായെത്തി. കങ്കണയുടെ പേരെടുത്ത് പറയാതെയായിരുന്നു താപ്സിയുടെ മറുപടി. ആത്മവിശ്വാസമുള്ളവരിൽ അസൂയയുണ്ടാകില്ലെന്നും ന്യൂറോടിക് അപകർഷതയുടെ ലക്ഷണമാണ് അസൂയയെന്നുമായിരുന്നു താപ്സിയുടെ മറുപടി.
എന്നാൽ കങ്കണ ഇതുകൊണ്ട് നിശബ്ദതയായില്ല. താപ്സിയുടെ പരോക്ഷമായ ട്വീറ്റിന് കങ്കണയും മറുപടിയുമായെത്തി. ഈ ജീനിയസിന് മുന്നിൽ എന്റെ ഭാവി എന്താണ്. അതേക്കുറിച്ച് ചിന്തിക്കുന്പോൾ എനിക്ക് അസൂയ തോന്നുന്നു. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ കഴിവിന്റെയും സൗന്ദര്യത്തിന്റെയും കലയുടേയും ഈ സൂപ്പർനോവയുള്ള ലോകത്ത് എനിക്ക് നിലനിൽക്കേണ്ട എന്നായിരുന്നു കങ്കണയുടെ പരിഹാസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.