ദേശീയ പുരസ്കാരപ്രഭയിൽ മിന്നിത്തിളങ്ങി മലയാളം
Friday, April 13, 2018 2:21 PM IST
ദേശീയ പുരസ്കാര പ്രഭയിൽ മലയാള സിനിമ ഒരിക്കൽ കൂടി നിറഞ്ഞു നിൽക്കുകയാണ്. മികച്ച സംവിധായകനായി ജയരാജിനെയും മികച്ച സഹനടനായി ഫഹദ് ഫാസിലിനെയും മികച്ച ഗായകനായി യേശുദാസിനെയും ജൂറി തെരഞ്ഞെടുത്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു. ഭയനാകം എന്ന ചിത്രമാണ് ജയരാജിന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തത്.

വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിന് വേണ്ടി പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച ഗാനഗന്ധർവനിലൂടെയാണ് മികച്ച ഗായകനുള്ള പുരസ്കാരം ഒരിക്കൽ കൂടി മലയാളക്കരയിലേക്ക് എത്തുന്നത്. എട്ടാം തവണയാണ് യേശുദാസ് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ഇന്ദ്രൻസിന്‍റെ മനോഹരമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

ടേക്ക് ഓഫിനും ചിത്രത്തിലെ പാർവതിയുടെ പ്രകടനത്തിനും ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതാണ് മലയാളത്തിന്‍റെ മറ്റൊരു സവിശേഷത. മികച്ച നടിക്കുള്ള പോരാട്ടത്തിൽ പാർവതിയെ അവസാനം വരെ പരിഗണിച്ചിരുന്നുവെന്നും മനോഹരമായ പ്രകടനമാണ് അവർ കാഴ്ചവച്ചതെന്നും ജൂറി വിലയിരുത്തി. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനുള്ള പുരസ്കാരത്തിനായും ജൂറി അവസാനം വരം പരിഗണിച്ചിരുന്നു. മനോഹരമായ പ്രകടനമാണ് ചിത്രത്തിൽ ഇന്ദ്രൻസ് കാഴ്ചവച്ചിരിക്കുന്നതെന്നും ജൂറി വിലയിരുത്തി.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും മലയാളത്തിനാണ്. ഭയാനകം എന്ന ജയരാജ് ചിത്രത്തിന് കാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണിനാണ് മികച്ച കാമറാമാനുള്ള പുരസ്കാരം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരവും ടേക്ക് ഓഫ് എന്ന ചിത്രം നേടി. സന്തോഷ് രാജനാണ് ഈയിനത്തിൽ പുരസ്കാരം കേരളക്കരയിൽ എത്തിച്ചത്.

കഥേതര വിഭാഗത്തിൽ അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത സ്ലേവ് ജനിസിസ് എന്ന ചിത്രം പുരസ്കാരം നേടി. വയനാട്ടിലെ പണിയ സമുദായത്തിന്‍റെ ജീവിതം പറയുന്ന ചിത്രമായിരുന്നു അനീസ് ഒരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.