ആൻഡ് ദി ഓസ്കാർ ഗോസ് ടു സലിം അഹമ്മദ്
Tuesday, June 25, 2019 6:28 PM IST
കഥകൾ കണ്ടെത്താൻ വിഷമിക്കുന്ന സിനിമാക്കാർക്കിടയിലേക്ക് ഒരു കുഞ്ഞ് കഥയുമായിട്ടാണ് സംവിധായകൻ സലിം അഹമ്മദ് ഇത്തവണ എത്തിയിരിക്കുന്നത്. സിനിമയും ജീവിതവും രണ്ടാണെന്നും എത്ര തന്നെ ചേർത്തു നിർത്താൻ നോക്കിയാലും അത് രണ്ടായി തന്നെ വേർതിരിയുമെന്നും "ആൻഡ് ദി ഓസ്കാർ ഗോസ് ടു' എന്ന ചിത്രത്തിലൂടെ സംവിധായകൻ പറയുന്പോൾ ആ ശരിയെ കണ്ടില്ലെന്ന് നടിക്കാൻ പ്രേക്ഷകർക്ക് ആവില്ല.

ഇത്തവണത്തെ കഥപറച്ചിലിൽ സംവിധായകൻ തന്‍റെ ജീവിത കഥ കൂടി ചേർത്തുവയ്ക്കുന്പോൾ അത് പ്രേക്ഷകർക്ക് സമ്മാനിക്കുക കുറച്ചേറെ അറിവുകൾ കൂടിയാണ്. ഒരു സിനിമ ഓസ്കാർ മല കയറാൻ പോയതിന്‍റെ കഥ ഇത്ര നിസാരമായും ലളിതമായും ആവിഷ്കരിച്ചപ്പോൾ കഥയ്ക്കുള്ളിലെ എളിമ കൈമോശം വരാതെ സൂക്ഷിക്കാൻ സംവിധായകൻ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്. ആ എളിമ കാത്തു സൂക്ഷിക്കാൻ നായകൻ (ടൊവിനോ തോമസ്) നന്നേ കഷ്ടപ്പെട്ടിട്ടുമുണ്ട്.സിനിമയെ ഇഷ്ടപ്പെടുന്നവർക്കുള്ള സിനിമ

പഞ്ച് ഡയലോഗുകളും അടിയും മേളവും ഡപ്പാംകൂത്ത് പാട്ടും ഒന്നും ഇല്ലാത്തൊരു സിനിമ. കയറ്റിറക്കങ്ങളുടെ താളത്തിനൊത്ത് ഒഴുകുന്ന സിനിമ. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ ആൻഡ് ദി ഓസ്കാർ ഗോസ് ടു അർഹിക്കുന്നുണ്ട്. സിനിമ മോഹം ഇന്നും മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഇസഹാക്കിനെ (ടൊവിനോ തോമസ്) ഇഷ്ടപ്പെടും.

"പ്രതിസന്ധികൾക്ക് നടുവിൽ നിൽക്കുന്പോഴും ഇസഹാക്കിന്‍റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ അവന്‍റെ ആത്മവിശ്വാസം ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു’. ആ ഒരു ആത്മവിശ്വാസം തന്നെയാണ് ഏതൊരു മനുഷ്യനെയും വലിയ വലിയ കടന്പകൾ കടക്കാൻ പ്രാപ്തനാക്കുന്നത്. ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലൂടെ സലിം അഹമ്മദ് മറികടക്കുന്നതും അത്തരമൊരു വലിയ കടന്പ തന്നെയാണ്.സംവിധായകന്‍റെ കഥ

ഒരു സിനിമ നല്ലരീതിയിൽ മാർക്കറ്റ് ചെയ്യപ്പെടുന്പോഴാണ് അത് കൂടുതൽ ആൾക്കാരിലേക്ക് എത്തുക. ഇവിടെ ഏറെക്കുറെ സംവിധായകന്‍റെ യഥാർഥ കഥ തന്നെ പ്രതിഫലിക്കപ്പെടുന്പോൾ അതിന് വേണ്ട രീതിയിൽ മാർക്കറ്റിംഗ് കിട്ടിയോ എന്നുള്ള കാര്യം സംശയമാണ്. ഇസഹാക്കിന്‍റെ സിനിമ സ്വപ്നങ്ങളുമായാണ് സിനിമ യാത്ര ചെയ്യുന്നത്. സ്വന്തമായി സിനിമ ചെയ്യാൻ സ്വയം നിർമാതാവുക എന്ന ദൗത്യം ഏറ്റെടുത്ത ചെറുപ്പക്കാരന്‍റെ പെടാപ്പാടുകളാണ് ആദ്യ പകുതിയിൽ ചിത്രത്തിൽ കാണാനാവുക.

വൈകാരിക മുഹൂർത്തങ്ങൾ ഏറെയുള്ള സിനിമയിൽ മാലാ പാർവതിയും ശ്രീനിവാസനും സലിം കുമാറും സിദ്ദിഖുമെല്ലാം തങ്ങളുടേതായ വേഷങ്ങൾ ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഓസ്കാർ വേദിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളക്കരയിൽ നിന്നുമൊരു സിനിമ എത്തുമോ എന്നുള്ള ആകാംക്ഷ അതേപടി നിലനിർത്തിയാണ് ആദ്യ പകുതി അവസാനിക്കുന്നത്.പണം വരുന്നതും പോകുന്നതും

ഒരു സിനിമ കഷ്ടപ്പെട്ട് ചെയ്ത് കുറച്ച് പണം സന്പാദിക്കുന്പോൾ അത് അതേപടി പോകാനും അധികം സമയം ഒന്നും വേണ്ട. ആൻഡ് ദി ഓസ്കാർ ഗോസ് ടു വിലെ രണ്ടാം പകുതി കാണുന്പോൾ ഈ പറഞ്ഞതിന്‍റെ ഗുട്ടൻസ് നിങ്ങൾക്ക് മനസിലാകും.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. നായകന് കട്ടപിന്തുണ കൊടുക്കുന്ന നല്ലൊരു സുഹൃത്തായ ചിത്രയായി അനു പക്വമായ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. സിദ്ദിഖ് പ്രവാസി മലയാളിയായി എത്തി തന്‍റെ തനത് ശൈലിയിലുള്ള പ്രകടനം പുറത്തെടുത്തിട്ടുണ്ട്.മനസിൽ തൊടുന്ന ഒരുപിടി ഫ്രെയിമുകളുമായാണ് ഛായാഗ്രാഹകൻ മധു അന്പാട്ട് പ്രേക്ഷകരുടെ അരികിലേക്ക് ഇത്തവണയും എത്തിയിട്ടുള്ളത്. ഏതൊരാൾക്കും പ്രതിസന്ധികളെ മറികടക്കാനുള്ള പോസിറ്റീവ് എനർജി ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളിലും നിഴലിക്കുന്നുണ്ട്. ആ നിഴൽരൂപങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്‍റെ നെടുംതൂണും.

മനസിലുള്ള സിനിമയുടെ സ്വതന്ത്രാവിഷ്കരണം ഫലപ്രാപ്തിയിലെത്താൻ ഒരു സംവിധായകൻ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളത്രയും ഈ സിനിമയിൽ തെളിഞ്ഞ് നിൽപ്പുണ്ട്. അത് അത്രയും കാണുന്പോൾ തന്നെ സലിം അഹമ്മദ് എന്ന സംവിധായകനോടും സിനിമ മോഹവുമായി ഇന്നും അലയുന്ന ഓരോരുത്തരോടും ആർക്കായാലും അല്പം ബഹുമാനം കൂടും.

സലിം അഹമ്മദ് ഇനിയും വരണം ജീവിതാനുഭവങ്ങൾ നിറഞ്ഞ കുഞ്ഞു കഥകളുമായി ഈ വഴിയെ...

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.